കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ചടങ്ങിൽ, തദ്ദേശീയമായ ആദ്യ കന്യാസ്ത്രീ മഠത്തിന് രൂപം നൽകിയ മദർ എലിസ്വ വാകയിലിനെ ‘വാഴ്ത്തപ്പെട്ടവൾ’ (Blessed) ആയി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കൊച്ചി വല്ലാർപാടം നാഷണൽ ഷ്രൈൻ ബസിലിക്കയിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിലാണ് ഈ ചരിത്ര പ്രഖ്യാപനം നടന്നത്.
പ്രൗഢഗംഭീരമായ നാമകരണ ചടങ്ങുകൾ
വത്തിക്കാനെ പ്രതിനിധീകരിച്ച്, ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പ്രത്യേക പ്രതിനിധിയായി (Papal Delegate) എത്തിയ മലേഷ്യയിലെ പെനാങ് രൂപതാ ബിഷപ്പ് കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് ആണ് മുഖ്യ കാർമ്മികത്വം വഹിച്ചത്. മദർ എലിസ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപ്പാപ്പയുടെ അപ്പസ്തോലിക കത്ത് (Apostolic Letter) കർദിനാൾ ചടങ്ങിൽ വായിച്ചു. പ്രഖ്യാപന വേളയിൽ ബസിലിക്കയിലെ മണികൾ മുഴങ്ങുകയും വിശ്വാസികൾ ഹർഷാരവം മുഴക്കുകയും ചെയ്തു.
വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നാമകരണത്തിനുള്ള അപേക്ഷ ഔദ്യോഗികമായി സമർപ്പിച്ചു. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദർ എലിസ്വയുടെ തിരുസ്വരൂപം അനാച്ഛാദനം ചെയ്തു. തുടർന്ന് മദർ എലിസ്വയുടെ തിരുശേഷിപ്പുകൾ (Relics) ബസിലിക്കയിലെ അൾത്താരയിൽ പ്രതിഷ്ഠിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി (Apostolic Nuncio) ആർച്ച്ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി ചടങ്ങിന് സന്ദേശം നൽകി. സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കെആർഎൽസിബിസി അധ്യക്ഷൻ ആർച്ച്ബിഷപ്പ് വർഗീസ് ചക്കലയ്ക്കൽ എന്നിവരുൾപ്പെടെ സഭാ നേതൃത്വത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കേരള സഭയിലെ നവീകരണ ശില്പി
1831 ഒക്ടോബർ 15-ന് കൊച്ചിയിലെ ഓച്ചൻതുരുത്തിൽ ജനിച്ച എലിസ്വ, കേരള സഭയുടെ ചരിത്രത്തിലെ ആദ്യത്തെ കന്യാസ്ത്രീയാണ്. ഇരുപതാം വയസ്സിൽ ഭർത്താവ് വറീത് വാകയിലിന്റെ മരണശേഷം, മകൾ അന്നയോടൊപ്പം പ്രാർത്ഥനയുടെയും സേവനത്തിന്റെയും പാത അവർ തിരഞ്ഞെടുത്തു.
1866-ൽ കേരളത്തിലെ ആദ്യത്തെ തദ്ദേശീയ കന്യാസ്ത്രീ സഭയായ ‘തേർഡ് ഓർഡർ ഓഫ് ഡിസ്‌കാൽസ്ഡ് കാർമലൈറ്റ്‌സ്’ (TOCD) സ്ഥാപിച്ചു. ഈ സഭയാണ് പിന്നീട് സഭാപരമായ വിഭജനങ്ങളെ തുടർന്ന് കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (CTC), കോൺഗ്രിഗേഷൻ ഓഫ് ദി മദർ ഓഫ് കാർമൽ (CMC) എന്നീ പ്രബലമായ രണ്ട് സന്യാസിനീ സമൂഹങ്ങളായി വളർന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും മദർ എലിസ്വ നൽകിയ സംഭാവനകൾ ചരിത്രപരമാണ്. കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ മഠം, പെൺകുട്ടികൾക്കായുള്ള ആദ്യ ബോർഡിംഗ് സ്‌കൂൾ, അനാഥാലയം എന്നിവ സ്ഥാപിച്ചത് മദർ എലിസ്വയാണ്.
വിശുദ്ധ പദവിയിലേക്കുള്ള വഴി
2023-ൽ ഫ്രാൻസിസ് മാർപാപ്പയാണ് മദർ എലിസ്വയെ ‘ധന്യ’ (Venerable) പദവിയിലേക്ക് ഉയർത്തിയത്. ഗർഭസ്ഥശിശുവിന്റെ മുച്ചുണ്ട് അത്ഭുതകരമായി സുഖപ്പെട്ട സംഭവം മദർ എലിസ്വയുടെ മധ്യസ്ഥതയാൽ നടന്ന അത്ഭുതമായി വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള വഴി തുറന്നത്. 1913 ജൂലൈ 18-നായിരുന്നു മദർ എലിസ്വയുടെ മരണം. വാഴ്ത്തപ്പെട്ട പദവി, വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ (Canonization) തൊട്ടുമുമ്പുള്ള പടിയാണ്.












