ഡബ്ലിനിലെ ഓ കോണൽ സ്ട്രീറ്റിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനറൽ പോസ്റ്റ് ഓഫീസ് (GPO) വഴിയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യ വിതരണം നിർത്തലാക്കണമെന്ന് പ്രമുഖ ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ആർനോട്സ് മാനേജ്മെന്റ്. ഡബ്ലിൻ സിറ്റി ടാസ്ക് ഫോഴ്സ് ചെയർമാനായ പബ്ലിക് എക്സ്പെൻഡിച്ചർ വകുപ്പ് സെക്രട്ടറി ജനറൽ റോബർട്ട് വാട്ടിന് അയച്ച കത്തിലാണ് മാനേജ്മെന്റ് ഈ ആവശ്യം ഉന്നയിച്ചത്.
ബ്രൗൺ തോമസ് ആർനോട്സ് ലിമിറ്റഡിന്റെ ഓപ്പറേഷൻസ് ഡയറക്ടർ മാർക്ക് ലിംബിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം ലോബിയിങ് രജിസ്റ്റർ വഴി പുറത്തുവിട്ടത്. ജിപിഒയിലെത്തുന്ന വൻ ജനക്കൂട്ടവും അനുബന്ധ സേവനങ്ങളും ഓ കോണൽ സ്ട്രീറ്റിന്റെ അന്തരീക്ഷത്തെ ബാധിക്കുന്നതായും, തെരുവിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത് കാരണമാകുന്നുണ്ടെന്നും മാനേജ്മെന്റ് വാദിക്കുന്നു. വിനോദസഞ്ചാരികൾക്കും ഉപഭോക്താക്കൾക്കും ജോലിക്കാർക്കും സുരക്ഷിതവും ആകർഷകവുമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്നും, നിലവിലെ സേവനങ്ങൾ ഈ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും ആർനോട്സ് അധികൃതർ വ്യക്തമാക്കി.
നഗരത്തിലെ തകർച്ചകൾ പരിഹരിക്കുന്നതിനും നഗര സൗന്ദര്യവൽക്കരണത്തിനുമായി ജിപിഒയുടെ നടത്തിപ്പ് ചുമതല ഓഫീസ് ഓഫ് പബ്ലിക് വർക്ക്സിലേക്ക് (OPW) മാറ്റാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആർനോട്സിന്റെ നിർദ്ദേശം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
അതേസമയം, ആർനോട്സിന്റെ നിർദ്ദേശത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐറിഷ് നാഷണൽ ഓർഗനൈസേഷൻ ഓഫ് ദി അൺഎംപ്ലോയ്ഡ് (INOU) പോളിസി മേധാവി റെബേക്ക ഗോർമാൻ വ്യക്തമാക്കി. ഭൂരിഭാഗം പേരും നിയമം അനുസരിച്ച് ജീവിക്കുന്നവരാണെന്നും, ദുർബല വിഭാഗങ്ങളെ ഇത്തരത്തിൽ അവഹേളിക്കുന്നത് തെറ്റായ സമീപനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
അക്രമങ്ങൾക്കും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ കണ്ടെത്താതെ ഇത്തരം നടപടികളിലൂടെ പ്രശ്നപരിഹാരം സാധ്യമാകില്ലെന്നാണ് വിമർശകരുടെ പക്ഷം. ഓ കോണൽ സ്ട്രീറ്റ് നവീകരണ പദ്ധതികൾ സജീവമാകുമ്പോൾ, വ്യാപാര സ്ഥാപനങ്ങളും സാമൂഹിക ക്ഷേമ സംഘടനകളും തമ്മിലുള്ള ഈ തർക്കം ഡബ്ലിൻ നഗരത്തിന്റെ ഭാവി സംബന്ധിച്ച പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വിഷയം ടാസ്ക് ഫോഴ്സും ഡബ്ലിൻ സിറ്റി കൗൺസിലും എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.













