ഡബ്ലിൻ: നഗരത്തിലെ ചാൾസ്ടൗൺ ഷോപ്പിംഗ് സെന്ററിൽ സിനിമ കണ്ടിറങ്ങിയ ഇന്ത്യൻ വംശജർക്ക് നേരെ വംശീയാക്രമണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘം കൗമാരക്കാർ പടക്കമെറിഞ്ഞും ബൈക്ക് ഉപയോഗിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചും ആക്രമിക്കുകയായിരുന്നുവെന്ന് ഇരകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു സംഘം ഇന്ത്യക്കാർ ഭയന്ന് ഓടുന്നത് കണ്ടെന്നും, തൊട്ടുപിന്നാലെ തങ്ങൾക്ക് നേരെയും ആക്രമണം ആരംഭിക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. നാല് കൗമാരക്കാർ ഇരുവശത്തുനിന്നും വളയുകയും പടക്കങ്ങൾ എറിയുകയും ചെയ്തു. തീപ്പൊരി വീണ് ധരിച്ചിരുന്ന ജാക്കറ്റിനും ഷൂസിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിക്കുകയും ഒരാളുടെ കയ്യിൽ പൊള്ളലേൽക്കുകയും ചെയ്തു.
ആക്രമണത്തിനിടയിൽ ഉടൻതന്നെ ഗാർഡയെ (ഐറിഷ് പോലീസ്) വിവരമറിയിച്ചു. അടുത്തുള്ള ഫ്ലാറ്റുകളിൽ നിന്ന് ആളുകൾ ശബ്ദമുയർത്തിയെങ്കിലും അക്രമികൾ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ ഗാർഡ സംഭവസ്ഥലത്ത് എത്തിയതിന് ശേഷമാണ് സംഘം പിൻവാങ്ങിയത്.
ഈ കൗമാരസംഘം നേരത്തെയും മറ്റ് ഇന്ത്യക്കാരെ ലക്ഷ്യമിട്ടിരുന്നതായി ബസ് കാത്തുനിന്ന മറ്റുചിലർ പറഞ്ഞതായും കുറിപ്പിലുണ്ട്. “യഥാർത്ഥ നടപടികൾ ഉണ്ടാകുന്നതിന് മുൻപ് ഇനിയെത്ര പേർക്ക് ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരും?” എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഐർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali