അയർലൻഡിലെ ഡോണഗലിൽ ടേക്ക്‌അവേ റെസ്റ്റോറന്റ് ഉടമയായ പ്രഭ്‌ജോത് സിംഗിന് ഒരാളെ ആക്രമിച്ച കേസിൽ ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2022 മെയ് 7-ന് ലെറ്റർകെന്നിയിലെ ഇന്ത്യൻ റെസ്റ്റോറന്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡബ്ലിൻ സ്വദേശിയായ ഷെയ്ൻ ഡാൽട്ടനെ ആക്രമിച്ചുവെന്ന ആരോപണമാണ് പ്രഭ്‌ജോത് സിംഗിനെതിരെ ഉണ്ടായിരുന്നത്.
ഷെയ്ൻ ഡാൽട്ടൻ ഉറുദു ഭാഷയിൽ സംസാരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. തന്റെ റെസ്റ്റോറന്റിൽ വെച്ച് ഷെയ്ൻ ഡാൽട്ടൻ മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തപ്പോൾ, ഡാൽട്ടൻ തന്നെ ആക്രമിക്കാൻ വന്നതുകൊണ്ടാണ് താൻ തള്ളിമാറ്റിയതെന്നും അങ്ങനെയാണ് ഡാൽട്ടന് പരിക്കേറ്റതെന്നും പ്രഭ്‌ജോത് സിംഗ് വാദിച്ചു. എന്നാൽ, ഷെയ്ൻ ഡാൽട്ടൻ നൽകിയ മൊഴി പ്രകാരം, ഉറുദു സംസാരിച്ചതിന് തന്നെ സിംഗ് അടിക്കുകയും ഇടിക്കുകയും ചെയ്തതിനെത്തുടർന്ന് തനിക്ക് ഒരാഴ്ചയോളം കണ്ണ് തുറക്കാൻ സാധിച്ചില്ലെന്നും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നുവെന്നും പറഞ്ഞു.
എന്നാൽ, പ്രഭ്‌ജോത് സിംഗ് ആക്രമണം നിഷേധിച്ചു. ഡാൽട്ടൻ കൗണ്ടറിൽ ചാരിനിന്ന് ജീവനക്കാരെ ഉറുദുവിലും മറ്റും മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നുവെന്നും, എവിടെ നിന്നാണ് വരുന്നതെന്ന് താൻ ചോദിച്ചപ്പോൾ ഡാൽട്ടൻ തനിക്ക് നേരെ വന്നപ്പോൾ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും, അപ്പോഴാണ് കസേരകളിലേക്ക് വീണ് ഡാൽട്ടന് പരിക്കേറ്റതെന്നും സിംഗ് വാദിച്ചു.
എന്നാൽ, കേസ് പരിഗണിച്ച കോടതി, ഇത് “ക്രൂരമായ ആക്രമണം” ആണെന്ന് നിരീക്ഷിച്ചു. പ്രഭ്‌ജോത് സിംഗ് നിയമം കയ്യിലെടുത്ത് സ്വന്തമായി നീതി നടപ്പാക്കാൻ ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി. ഡാൽട്ടന് കാര്യമായ പരിക്കുകളുണ്ടായെന്നും, ഇത് ഡിസ്ട്രിക്റ്റ് കോടതി കേസുകളിൽ ഉയർന്ന തലത്തിലുള്ള ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി ജഡ്ജി പ്രഭ്‌ജോത് സിംഗിന് 12 മാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.