ഡബ്ലിൻ: അയർലൻഡിലെ മലയാളി സമൂഹത്തിൻ്റെ സംഗമ വേദിയായ കേരള ഹൗസ് കാർണിവൽ 2025, ജൂൺ 21-ന് ഫെയറിഹൗസ് റേസ്‌കോഴ്‌സിൽ വർണ്ണാഭമായ ആഘോഷങ്ങളോടെ സമാപിച്ചു. ആയിരക്കണക്കിന് ആളുകളെ ആകർഷിച്ച് വൻ വിജയമായി മാറിയ ഈ കാർണിവൽ, അയർലൻഡിലെ മലയാളി സമൂഹത്തിന് ഒരു പുതിയ അനുഭവമാണ് സമ്മാനിച്ചത്.
ഈ വർഷത്തെ കാർണിവലിൻ്റെ പ്രധാന ആകർഷണം മലയാളി പ്രേക്ഷകരുടെ പ്രിയ നായികയും യുവതി-യുവാക്കളുടെ ഹരവുമായ മമിത ബൈജുവിൻ്റെ സാന്നിധ്യമായിരുന്നു. കേര ഫുഡ്‌സിൻ്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലാണ് മമിത കാർണിവലിൻ്റെ സെലിബ്രിറ്റി ഗസ്റ്റായി എത്തിയത്. ഐറിഷ് മലയാളികളുടെ മുന്നിൽ മമിതയുടെ സാന്നിദ്ധ്യം മേളയ്ക്ക് ആവേശം പകർന്നു.
സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്, ഗായിക സയനോര ഫിലിപ്പ്, റയാൻ എന്നിവർ അണിനിരന്ന മാസ്മരിക സംഗീത നിശ കാർണിവലിൻ്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു. ഇവരുടെ ഗാനങ്ങൾ ജനങ്ങളെ ഇളക്കിമറിച്ച് ആവേശം വിതറി. ഇതിനുപുറമെ, ജൂഡ് ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ധാർഥ് മേനോൻ, സിജു വിൽസൺ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ, മിഥുൻ രമേശ്, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, അനുശ്രീ എസ് നായർ തുടങ്ങിയ വൻ താരനിരയും കേരള ഹൗസ് കാർണിവലിൻ്റെ ഭാഗമായി. ഈ വമ്പൻ താരനിര അണിനിരന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരം ആവേശം നിറഞ്ഞതായിരുന്നു.
വൈവിധ്യമാർന്ന കലാ-കായിക-സാംസ്കാരിക പരിപാടികളാണ് കാർണിവലിൽ അരങ്ങേറിയത്. അയർലൻഡിലെ വിവിധ ഡാൻസ് അക്കാദമികളിൽ നിന്നുള്ള നൃത്ത പ്രകടനങ്ങൾ കാഴ്ചക്കാർക്ക് നയനാനന്ദകരമായ അനുഭവമായി. ആവേശം നിറഞ്ഞ വടംവലി മത്സരം കാണികളെ ആവേശത്തിലാക്കി. ഈ മത്സരത്തിൽ ‘ചിയേഴ്സ് നീന’ ടീം ഒന്നാം സമ്മാനം നേടി ട്രോഫിയും 1001 യൂറോയും കരസ്ഥമാക്കി. റീൽസ് മത്സരം, പാചക മത്സരം തുടങ്ങിയ മറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. ബാക്ക് ബെഞ്ചേഴ്‌സ് ലിമറിക്ക് ബാൻഡ് ആദ്യമായി വേദിയിൽ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു.
വടംവലി ഒന്നാംസ്ഥാനം നേടിയ ചിയേഴ്സ് നീന’ ടീം
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വിളമ്പുന്ന ഫുഡ് കോർട്ടുകൾ മേളയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. കേരളത്തിൻ്റെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുടെയും തനത് വിഭവങ്ങൾ ഉൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കൾ ഇവിടെ ലഭ്യമായിരുന്നു. ജൂവലറി, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ ഷോപ്പിംഗ് സ്റ്റാളുകളും ആളുകളെ ആകർഷിച്ചു. ബൗൺസി കാസിൽ, ഡാൻസിംഗ് കാർ, സ്വിംഗ് മെഷീൻ തുടങ്ങിയ കുട്ടികൾക്കായുള്ള വിനോദങ്ങളും കളികളും മേളയിൽ ഒരുക്കിയിരുന്നു.
വടംവലി രണ്ടാം സ്ഥാനം നേടിയ Papans Phibsborough ടീം
ശനിയാഴ്ചത്തെ തെളിഞ്ഞ കാലാവസ്ഥയും ഊഷ്മളമായ അന്തരീക്ഷവും മേളയുടെ വിജയത്തിന് കൂടുതൽ തിളക്കം നൽകി. അയർലൻഡിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ മേളയിൽ പങ്കെടുത്തു. വിദേശികളായ ഐറിഷ് പൗരന്മാരും ഇന്ത്യൻ സംഗീതവും ഭക്ഷണവും ആസ്വദിക്കാൻ എത്തിച്ചേർന്നു. മികച്ച രീതിയിലുള്ള പാർക്കിംഗ് സൗകര്യവും മുൻകൂട്ടിയുള്ള ബുക്കിംഗ് സംവിധാനവും സന്ദർശകർക്ക് വലിയ സഹായമായി. സംഘാടകരുടെ മികച്ച ആസൂത്രണവും കഠിനാധ്വാനവുമാണ് കേരള ഹൗസ് കാർണിവൽ 2025 നെ ഇത്രയേറെ വിജയകരമാക്കിയത്. അയർലൻഡിലെ മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയുടെയും സാംസ്കാരിക വിനിമയത്തിൻ്റെയും ഉത്തമ ഉദാഹരണമായി ഈ കാർണിവൽ മാറി.