ടെൽ അവീവ്: പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കോട്ടയം സ്വദേശിനിയായ യുവതിയെ ഇസ്രായേലിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ ശരണ്യ പ്രസന്നൻ (36) ആണ് ഹഷറോണിലെ താൻ ജോലി ചെയ്തിരുന്ന വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തിയ ഈ വിയോഗത്തിന് പിന്നിൽ വിശ്വസിച്ച് കൂടെനിന്ന സുഹൃത്തിൽ നിന്നേറ്റ ചതിയാണെന്ന ആരോപണം ശക്തമാവുകയാണ്.
സാമ്പത്തിക തട്ടിപ്പും മാനസിക സമ്മർദ്ദവും ശരണ്യയുടെ മരണത്തിന് പിന്നിൽ അടുത്ത സുഹൃത്തായ ഒരു യുവാവിനും സാമ്പത്തിക ഇടപാടുകൾക്കും പങ്കുണ്ടെന്നാണ് ഇസ്രായേലിലെ മലയാളി വൃത്തങ്ങൾ നൽകുന്ന സൂചന. ശരണ്യയുടെ സമ്പാദ്യം ഈ സുഹൃത്ത് തട്ടിയെടുത്തെന്നും, ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായും പറയപ്പെടുന്നു. കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ പണം നഷ്ടപ്പെട്ടതിലുണ്ടായ മനോവിഷമവും സുഹൃത്തിൽ നിന്നേറ്റ വഞ്ചനയുമാകാം യുവതിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. വിവരമറിഞ്ഞ ഉടൻ തന്നെ ഇസ്രായേലിലെ മലയാളി സംഘടനകളും സാമൂഹിക പ്രവർത്തകരും സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇപ്പോൾ അടുത്തുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള തീവ്രശ്രമത്തിലാണ് ഇസ്രായേലിലെ പ്രവാസി സമൂഹം. എംബസിയുമായി ബന്ധപ്പെട്ട് ഇതിനായുള്ള പേപ്പർ വർക്കുകൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
കുടുംബത്തിന്റെ ഭാവിക്കായി കടൽ കടന്ന ഒരു യുവതിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളികൾക്കിടയിൽ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവർ അടിയന്തരമായി വിദഗ്ധ സഹായം തേടുക.)












