യുകെയിൽ ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഹൈദരാബാദ് സ്വദേശികളായ വിദ്യാർത്ഥികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എസെക്സിലെ റെയ്‌ലി സ്പർ റൗണ്ട് എബൗട്ടിൽ തിങ്കളാഴ്ച പുലർച്ചെ 4.15 നാണ് അപകടമുണ്ടായത്. ഇന്ത്യൻ വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം സഞ്ചരിച്ച രണ്ട് കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ ചൈതന്യ താരെ (23), ഋഷിതേജ റാപു (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സായി ഗൗതം രാവുല്ല (30), നൂതൻ തട്ടിക്കയല, യുവ തേജ റെഡ്ഡി ഗുറാം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരെ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിനിടയാക്കിയെന്ന കുറ്റത്തിന് രണ്ട് കാറുകളുടെയും ഡ്രൈവർമാരായ ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ വിദ്യാർത്ഥി സംഘത്തിന്റെ ഭാഗമായിരുന്നു.
ഹൈദരാബാദിലെ നാദർഗുൾ സ്വദേശിയായ ചൈതന്യ ഈ വർഷം ഫെബ്രുവരിയിലാണ് യുകെയിൽ എത്തിയത്. ഉപരിപഠനത്തിനായാണ് ഇരുവരും യുകെയിൽ എത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലുംനി യൂണിയൻ യുകെ (NISAU) അനുശോചനം രേഖപ്പെടുത്തി.
ഐർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali