നിർമിത ബുദ്ധിയെ (AI) ചുറ്റിപ്പറ്റി നിലനിൽക്കുന്ന അമിത ആശങ്കകളെ തള്ളിക്കളഞ്ഞ് എൻവിഡിയ (Nvidia) സിഇഒ ജെൻസൺ ഹുവാങ്. എഐ മനുഷ്യരാശിക്ക് ഭീഷണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, ഇത്തരമൊരു ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജെൻസൺ ഹുവാങ് നിലപാട് വ്യക്തമാക്കിയത്.
ആന്തറോപിക് മുൻ ഗവേഷകൻ ജേക്കബ് കോക്സൺ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച മുന്നറിയിപ്പുകൾക്കാണ് ഹുവാങ് മറുപടി നൽകിയത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എഐ മനുഷ്യരാശിക്ക് ഭീഷണിയായി മാറുമെന്നും അപ്പോക്കലിപ്റ്റിക് സാഹചര്യങ്ങൾ ഉണ്ടാകുമെന്നും ഇവർ വാദിക്കുന്നു. എന്നാൽ 2030-ഓടെ എഐ മൂലമുണ്ടാകുന്ന അന്ത്യം എന്ന വാദത്തിന് പൂജ്യം ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഹുവാങ് തറപ്പിച്ചു പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ ഭീതി വിതയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിലിക്കൺ വാലിയിലെ ടെക് പ്രമുഖർക്കിടയിൽ എഐയുടെ വികസന വേഗതയെ ചൊല്ലി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ, ആന്തറോപിക്കിന്റെ ഡാരിയോ അമോഡി തുടങ്ങിയവർ എഐ വികസനത്തിൽ അതീവ ജാഗ്രതയും നിയന്ത്രണങ്ങളും വേണമെന്ന് വാദിക്കുമ്പോൾ, പരമാവധി വേഗതയിൽ തന്നെ സാങ്കേതിക വിദ്യ വളരണമെന്നാണ് ഹുവാങ്ങിന്റെ നിലപാട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ കമ്പനികൾക്ക് വേഗത്തിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ ആശങ്കകൾ ഉയർത്തുന്നവർക്ക് പിന്നിൽ നിഗൂഢമായ താല്പര്യങ്ങളുണ്ടെന്നും ഹുവാങ് ആരോപിക്കുന്നു. നിലവിലുള്ള നിയമങ്ങളിൽ നിന്ന് ഒഴിവാകാൻ വേണ്ടിയുള്ള ലോബിയിംഗാണ് ഇത്തരം അത്യാസന്ന മുന്നറിയിപ്പുകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിലുണ്ടാകുന്ന ഭീതി നിയമനിർമ്മാണത്തെ സ്വാധീനിക്കരുത്. നിലവിൽ ലഭ്യമായ നിയമ ചട്ടക്കൂടുകൾ തന്നെ ഈ സാങ്കേതികവിദ്യ നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക എഐ വിപ്ലവത്തിന്റെ നെടുംതൂണായ എൻവിഡിയക്ക് ഈ മേഖലയിൽ വലിയ സാമ്പത്തിക താല്പര്യങ്ങളാണുള്ളത്. 5.3 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള എൻവിഡിയയുടെ ഭാവി എഐയുടെ സുരക്ഷിതമായ വികസനത്തെ ആശ്രയിച്ചിരിക്കുന്നു. എഐ അപകടകരമാണെന്ന് തെളിഞ്ഞാൽ അത് തങ്ങൾ കെട്ടിപ്പടുത്ത വിപണിയെ തന്നെ തകർക്കുമെന്നും, അതിനാൽ എഐയുടെ സുരക്ഷയിൽ കമ്പനിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും ഹുവാങ് പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള അനാവശ്യ ആശങ്കകൾ ഒഴിവാക്കി, എഐ നൽകുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന പ്രായോഗിക സമീപനമാണ് എൻവിഡിയ സിഇഒ മുന്നോട്ട് വെക്കുന്നത്.













