നിർമിത ബുദ്ധി അഥവാ എഐ സാങ്കേതികവിദ്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് ഗൂഗിളിന്റെ ജെമിനി എഐ മോഡൽ മൂന്ന് സ്വകാര്യ കമ്പനികളുടെ സുരക്ഷാ സംവിധാനങ്ങൾ തകർത്തതായി റിപ്പോർട്ട്. കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ സൈബർ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. നിയന്ത്രിത പരീക്ഷണ അന്തരീക്ഷത്തിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിച്ച് ഇത്തരം ഒരു എഐ മോഡൽ മറ്റ് കമ്പനികളുടെ സുരക്ഷാ വലയങ്ങൾ ഭേദിക്കുന്നത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇസ്രായേൽ സുരക്ഷാ സ്ഥാപനമായ ഇറെഗുലർ എന്ന കമ്പനിയെയാണ് ജെമിനിയുടെ കഴിവുകൾ പരിശോധിക്കുന്നതിനായി ഗൂഗിൾ ചുമതലപ്പെടുത്തിയിരുന്നത്. ഒരു സാങ്കൽപ്പിക കമ്പനിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു എഐക്ക് നൽകിയിരുന്ന ദൗത്യം. എന്നാൽ പരീക്ഷണത്തിനിടെ അബദ്ധത്തിൽ ജെമിനിക്ക് കൂടുതൽ ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭിക്കുകയും, അത് ഉപയോഗപ്പെടുത്തി എഐ മോഡൽ മറ്റ് മൂന്ന് ബാഹ്യ കമ്പനികളുടെ വിവരശേഖരണ സംവിധാനങ്ങളിലേക്ക് കടന്നുകയറുകയുമായിരുന്നു. ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തും പാസ്വേഡുകൾ ഊഹിച്ചെടുത്ത് അത്ഭുതകരമായ വേഗതയിൽ സുരക്ഷാ പരിശോധനകൾ മറികടന്നുമാണ് എഐ ഈ ലക്ഷ്യം പൂർത്തിയാക്കിയത്.
സംഭവത്തിന്റെ ഗൗരവം ഗൂഗിൾ സെക്യൂരിറ്റി എൻജിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് ഹെതർ അഡ്കിൻസ് തള്ളിക്കളഞ്ഞു. എഐയുടെ പ്രവർത്തനം തെറ്റായ രീതിയിലായിരുന്നില്ലെന്നും, നിശ്ചയിച്ചിരുന്ന പരിധിക്ക് പുറത്താണ് താൻ പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ ജെമിനി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നുവെന്നും കമ്പനി വിശദീകരിക്കുന്നു. ഇതൊരു സുരക്ഷാ വീഴ്ചയല്ല, മറിച്ച് തങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ വിജയമാണ് വ്യക്തമാക്കുന്നതെന്നും ഗൂഗിൾ അവകാശപ്പെടുന്നു. പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിച്ചതായും ആർക്കും ദോഷകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
എങ്കിലും സാങ്കേതിക ലോകത്ത് ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മെറ്റ, ആന്ത്രോപിക്, ഓപ്പൺ എഐ തുടങ്ങിയ മുൻനിര കമ്പനികളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എഐ മോഡലുകൾക്ക് കൂടുതൽ സങ്കീർണ്ണമായ കാര്യങ്ങൾ ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് വർധിക്കുമ്പോൾ, അവ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ അതിരുകൾ ലംഘിക്കാൻ സാധ്യതയുണ്ടെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.
എഐ സാങ്കേതികവിദ്യയുടെ വേഗതയേക്കാൾ സുരക്ഷാ മാനദണ്ഡങ്ങൾക്കാകണം മുൻഗണന നൽകേണ്ടതെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. നിർണായകമായ പ്രവർത്തന മേഖലകളിലേക്ക് എഐയെ ഉൾപ്പെടുത്തുമ്പോൾ കൂടുതൽ കരുത്തുറ്റ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യമാണെന്ന് ടെക് ലോകം തിരിച്ചറിയുകയാണ്. ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളെ ഒരു തടസ്സമായി കാണുന്ന രീതിയിലേക്ക് എഐ വളരുന്നത് തടയാൻ റെഗുലേറ്റർമാരും ഡെവലപ്പർമാരും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.













