ന്യൂകാസിൽ (ബ്രിട്ടൻ): സംഗീതവും സംരംഭകത്വവും ഒരുമിപ്പിച്ചു വലിയൊരു വിജയഗാഥ രചിച്ച് ബ്രിട്ടനിൽ അഭിമാനമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ജെബി ജോസഫ് എന്ന മലയാളി യുവാവ്. ലോകപ്രശസ്തമായ ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയുടെ (Newcastle University) 2026-ലെ ഡോ. ജെയ്ൻ നോളൻ ഇന്നൊവേഷൻ ആൻഡ് എന്റർപ്രൈസ് പുരസ്കാരം (Dr Jane Nolan Innovation and Enterprise Award) സ്വന്തമാക്കിയാണ് ജെബി വാർത്തകളിൽ ഇടംനേടുന്നത്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നും സംഗീതത്തിന്റെ ലോകത്തേക്ക് ചുവടുമാറിയ ജെബിയുടെ ജീവിതകഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്.

Jebby Joseph
സംഗീതവും സംരംഭകത്വവും കൈകോർത്തപ്പോൾ
സംഗീത വിദ്യാഭ്യാസത്തെയും സംരംഭകത്വത്തെയും വിജയകരമായി ബന്ധിപ്പിച്ച മികച്ച പ്രവർത്തനങ്ങൾക്കാണ് ന്യൂകാസിൽ യൂണിവേഴ്‌സിറ്റി ഈ പരമോന്നത അംഗീകാരം നൽകിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ മുൻ അക്കാദമിക്കും സംരംഭകയുമായിരുന്ന ഡോ. ജെയ്ൻ നോളൻ എം.ബി.ഇ (Dr Jane Nolan MBE) യുടെ പേരിലുള്ളതാണ് ഈ പുരസ്കാരം. യുകെയിലെ കയറ്റുമതി മേഖലയ്ക്ക് നൽകിയ മികച്ച സേവനങ്ങൾ മാനിച്ചാണ് ബ്രിട്ടീഷ് ദേശീയ ബഹുമതിയായ ‘മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ’ (MBE) ഡോ. ജെയ്ൻ നോളന് ലഭിച്ചത്.
അഞ്ച് ഭൂഖണ്ഡങ്ങളിലായി 400-ലധികം വിദ്യാർത്ഥികൾ
2020-ൽ ജെബി ആരംഭിച്ച ‘പിയാനോ വിത്ത് ജെബി’ (PianoWithJebby) എന്ന ഓൺലൈൻ സംഗീതപഠന സംരംഭം വൻ വിജയമായിരുന്നു. ഇതിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 400-ലധികം വിദ്യാർത്ഥികൾക്കാണ് അദ്ദേഹം ഇതിനോടകം പരിശീലനം നൽകിയത്. തുടർന്ന് ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ സംഗീതവിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്സ് (MA in Music Education) പഠിക്കുന്നതിനിടെയാണ് കൂടുതൽ നേട്ടങ്ങൾ ജെബിയെ തേടിയെത്തിയത്. യുകെയിലെ പ്രമുഖ മ്യൂസിക് എഡ്യൂക്കേഷൻ പ്രൊവൈഡറായ ‘ദി മാസ്ട്രോ ഓൺലൈനിനൊപ്പം’ (The Maestro Online) ഇന്റേൺഷിപ്പ് ചെയ്ത അദ്ദേഹം, അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചു. ഇന്ത്യൻ സംഗീത റെപ്പർട്ടയർ, ഇന്ത്യൻ കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള മാസ്റ്റർക്ലാസ് ആശയങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ വിപ്ലവകരമായ പദ്ധതികളാണ് ഈ പുരസ്കാരത്തിലേക്ക് നയിച്ചതെന്ന് ന്യൂകാസിൽ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പ്രസിദ്ധീകരണം വ്യക്തമാക്കുന്നു.

Dr. Jane Nolan MBE. Photo Courtesy: Newcastle University / Jebby Joseph (Supplied)
പ്രശസ്ത ബോർഡിംഗ് സ്കൂളിൽ സംഗീതാധ്യാപകൻ
യൂണിവേഴ്സിറ്റി ക്യാമ്പസിലെ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ ജെബി 2026 ഡിസംബറിലാണ് ഔദ്യോഗികമായി ബിരുദം ഏറ്റുവാങ്ങുക. നിലവിൽ ബ്രിട്ടനിലെ പ്രശസ്തമായ ആൽഡ്രോ ബോർഡിംഗ് സ്കൂളിൽ (Aldro School in Surrey) സംഗീതാധ്യാപകനായി പ്രവർത്തിക്കുകയാണ് അദ്ദേഹം. പിയാനോ അധ്യാപനത്തിന് പുറമെ ഗായകസംഘം (choir), ചാപ്പൽ മ്യൂസിക്, ഇൻസ്ട്രുമെന്റൽ എൻസെംബിൾസ്, ഗ്രേഡഡ് മ്യൂസിക് എക്സാമിനേഷൻസ്, മ്യൂസിക് സ്കോളർഷിപ്പ് തയ്യാറെടുപ്പുകൾ തുടങ്ങിയവയുടെ ചുക്കാൻ പിടിക്കുന്നതും ഇദ്ദേഹമാണ്. ഇതിനുപുറമെ, സ്കൂളിലെ മ്യൂസിക് ടെക്നോളജി ക്ലബ്ബ്, വേൾഡ് മ്യൂസിക് ക്ലബ്ബ് എന്നിവയുടെ നേതൃത്വവും ജെബിക്കാണ്. ലോക സംഗീതം, ഇന്ത്യൻ സംഗീതം, ക്രോസ് കൾച്ചറൽ റെപ്പർട്ടയർ എന്നിവ കുട്ടികളുടെ സംഗീതപഠനവുമായി സമന്വയിപ്പിക്കാൻ പുതിയ ആശയങ്ങളാണ് ഈ മലയാളി അധ്യാപകൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
എഞ്ചിനീയറിംഗിൽ നിന്ന് സംഗീതത്തിലേക്ക്
തന്റെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കരിയർ ഉപേക്ഷിച്ച്, പൂർണ്ണമായും സംഗീതത്തിലേക്ക് തിരിഞ്ഞ ജെബിയുടെ യാത്ര ഏറെ ശ്രദ്ധേയമാണ്. അധ്യാപനം, പെർഫോമൻസ്, കമ്പോസിഷൻ, മ്യൂസിക് എഡ്യൂക്കേഷൻ എന്റർപ്രണർഷിപ്പ് എന്നിവയെല്ലാം അദ്ദേഹം ഒരേസമയം മികവോടെ കൈകാര്യം ചെയ്യുന്നു. സംഗീതാധ്യാപനത്തിനൊപ്പം ഏതാനും മലയാളം ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ള അദ്ദേഹം പെർഫോമൻസ് രംഗത്തും സജീവമാണ്.
കേരളത്തിൽ നിന്ന് തുടങ്ങിയ ഒരു സംഗീതപഠന-അധ്യാപന യാത്ര ഇന്ന് ബ്രിട്ടീഷ് കുട്ടികളുടെ സംഗീതവിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമായി മാറിയത് യുകെയിലെ മലയാളി സമൂഹത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.













