അയർലണ്ടിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർക്കും, വർഷങ്ങളായി ലേണേഴ്സ് പെർമിറ്റ് മാത്രം പുതുക്കി വണ്ടിയോടിക്കുന്നവർക്കും വലിയൊരു തിരിച്ചടിയാവുകയാണ് പുതിയ നിയമങ്ങൾ.2026 നവംബർ 1 മുതൽ ലേണേഴ്സ് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ നിയന്ത്രണങ്ങളാണ് റോഡ് സേഫ്റ്റി അതോറിറ്റിയും (RSA) നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസും (NDLS) നടപ്പിലാക്കാൻ പോകുന്നത്.
കാലാകാലങ്ങളായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാതെ ലേണേഴ്സ് പെർമിറ്റിൽ തുടരുന്ന പ്രവണത അവസാനിപ്പിച്ച്, ആളുകളെ വേഗത്തിൽ ഫുൾ ലൈസൻസ് എടുക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഈ പുതിയ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
- മൂന്നാമത്തെ ലേണേഴ്സ് പെർമിറ്റിന് ടെസ്റ്റ് നിർബന്ധം: നിലവിൽ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചതിന്റെ (ബുക്കിംഗ്) രേഖ കാണിച്ചാൽ മൂന്നാമത്തെ പെർമിറ്റ് ലഭിക്കുമായിരുന്നു. എന്നാൽ 2026 നവംബർ 1 മുതൽ ഇത് സാധിക്കില്ല. മൂന്നാമത്തെ പെർമിറ്റ് ലഭിക്കണമെങ്കിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ നിങ്ങൾ തീർച്ചയായും ഒരു ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്തിരിക്കണം (ടെസ്റ്റിൽ പരാജയപ്പെട്ടാലും പെർമിറ്റ് ലഭിക്കും, പക്ഷേ വെറുതെ ബുക്ക് ചെയ്താൽ മാത്രം പോരാ, ടെസ്റ്റിൽ അറ്റൻഡ് ചെയ്തിരിക്കണം).
- നാലാമത്തെ ലേണേഴ്സ് പെർമിറ്റിന്റെ കാലാവധി വെട്ടിച്ചുരുക്കി: നാലാമത്തെ പെർമിറ്റിനും കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ടെസ്റ്റ് എഴുതിയതിന്റെ രേഖ നിർബന്ധമാണ്. കൂടാതെ, ഈ പെർമിറ്റിന് ഇനിമുതൽ 1 വർഷം മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ.
- എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വരും (7 വർഷത്തെ നിയമം): നാല് പെർമിറ്റുകൾ കഴിഞ്ഞാലോ, അല്ലെങ്കിൽ മൊത്തത്തിൽ 7 വർഷം ലേണേഴ്സ് പെർമിറ്റ് കൈവശം വെച്ചാലോ പിന്നീട് നിങ്ങൾക്ക് യാതൊരു കാരണവശാലും പെർമിറ്റ് പുതുക്കി നൽകില്ല. പകരം ലൈസൻസ് എടുക്കാനുള്ള മുഴുവൻ നടപടിക്രമങ്ങളും നിങ്ങൾ ആദ്യം മുതൽ വീണ്ടും ചെയ്യേണ്ടി വരും. അതായത്:
- ഡ്രൈവർ തിയറി ടെസ്റ്റ് (Driver Theory Test) വീണ്ടും എഴുതി പാസാകണം.
- പുതിയ ലേണേഴ്സ് പെർമിറ്റിനായി അപേക്ഷിക്കണം.
- പുതിയ പെർമിറ്റ് ലഭിച്ച ശേഷം ടെസ്റ്റിനായി വീണ്ടും 6 മാസം കാത്തിരിക്കണം.
- കാറുകൾക്കുള്ള 12 EDT ക്ലാസുകൾ അല്ലെങ്കിൽ ബൈക്കുകൾക്കുള്ള IBT ക്ലാസുകൾ പൂർണ്ണമായും വീണ്ടും എടുക്കണം (മുമ്പ് ചെയ്തതിന് യാതൊരു ഇളവും ലഭിക്കില്ല).
- കാലാവധി കഴിഞ്ഞ പെർമിറ്റുകൾ: 2026 നവംബർ 1 ന് ശേഷം, നിങ്ങളുടെ ലേണേഴ്സ് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ് 2 വർഷത്തിൽ കൂടുതലായെങ്കിൽ, നിങ്ങൾക്കും ഈ പറഞ്ഞതുപോലെ എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വരും.
ഏതൊക്കെ വാഹനങ്ങൾക്ക് ഇത് ബാധകമാകും?
കാർ (Category B), ട്രാക്ടർ/വർക്ക് വെഹിക്കിൾ (Category W), മോട്ടോർ സൈക്കിളുകൾ, മോപ്പഡുകൾ (Category A, A1, A2, AM) എന്നിവയുടെ ലേണേഴ്സ് പെർമിറ്റുകൾക്കാണ് ഈ പുതിയ മാറ്റങ്ങൾ ബാധകമാകുന്നത്. കാലാവസ്ഥ മോശമായതുകൊണ്ടോ, ടെസ്റ്റർ ഇല്ലാത്തതുകൊണ്ടോ ടെസ്റ്റ് മാറ്റിവെച്ചാൽ പോലും നിയമത്തിൽ ഇളവുകൾ ലഭിക്കില്ല എന്നത് ഈ നിയമത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു.
നിങ്ങളുടെ ലേണേഴ്സ് പെർമിറ്റിന്റെ കാലാവധി എപ്പോഴാണ് അവസാനിക്കുന്നതെന്ന് ഇപ്പോൾ തന്നെ പരിശോധിക്കുക. വെറുതെ ടെസ്റ്റ് ബുക്ക് ചെയ്ത് കാത്തിരിക്കാതെ, എത്രയും വേഗം ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ ശ്രമിക്കുക. ഈ നിയമങ്ങൾ നിലവിൽ വരാൻ ഇനിയും സമയമുള്ളതിനാൽ കൃത്യമായി പരിശീലനം നേടി ഫുൾ ലൈസൻസ് സ്വന്തമാക്കുന്നതാണ് എട്ടിന്റെ പണി കിട്ടാതിരിക്കാനുള്ള ഒരേയൊരു വഴി.












