ഐർലൻഡിൽ വാഹന ഇൻഷുറൻസ് തട്ടിപ്പ് വ്യാപകമാകുന്നുവെന്ന് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ്. വി ഗോ ഇൻഷുർ (We Go Insure), ടെമ്പ് ഇൻഷുർ കവർ (Temp Insure Cover) എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന രണ്ട് വ്യാജ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ കർശന ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. അംഗീകൃത സ്ഥാപനങ്ങളുടെ പേരും വിവരങ്ങളും മോഷ്ടിച്ച് ക്ലോണിങ് വഴിയാണ് ഈ സംഘം ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.
ഈ വെബ്സൈറ്റുകൾ നിലവിൽ സജീവമാണെന്ന് സെൻട്രൽ ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വിദ്യാർഥികളെയും ഇടയ്ക്കിടെ വാഹനം ഓടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. മണിക്കൂറുകൾക്ക് 10 യൂറോ നിരക്കിൽ ഇൻഷുറൻസ് നൽകാമെന്ന് ടെമ്പ് ഇൻഷുർ കവർ അവകാശപ്പെടുമ്പോൾ, ഒരു ദിവസത്തെ കവറേജിനായി 18 യൂറോയാണ് വി ഗോ ഇൻഷുർ ഈടാക്കുന്നത്. രണ്ട് വെബ്സൈറ്റുകളിലും ഒരേ ഫോൺ നമ്പറും വിലാസവുമാണ് നൽകിയിരിക്കുന്നത്. ഇവർ തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ അധികൃതർ പരിശോധന നടത്തിവരികയാണ്.
ഈ സ്ഥാപനങ്ങൾ വഴി ഇൻഷുറൻസ് എടുക്കുന്നവർക്ക് യാതൊരുവിധ നിയമപരിരക്ഷയും ലഭിക്കില്ലെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. അംഗീകൃതമല്ലാത്തതിനാൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പരാതിപ്പെടാനോ ഇൻവെസ്റ്റർ കോമ്പൻസേഷൻ സ്കീമിന്റെ ആനുകൂല്യം നേടാനോ ഉപഭോക്താക്കൾക്ക് സാധിക്കില്ല. തട്ടിപ്പിനിരയായാൽ ഫിനാൻഷ്യൽ സർവീസസ് ആൻഡ് പെൻഷൻസ് ഓംബുഡ്സ്മാനെ സമീപിക്കാനും കഴിയില്ല.
രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സെൻട്രൽ ബാങ്കിന്റെ ഇടപെടൽ. 2025-ൽ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകൾ മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം വർധിച്ച് 179 ദശലക്ഷം യൂറോയിലെത്തിയിരുന്നു. ഏതൊരു സാമ്പത്തിക ഇടപാടിനും മുൻപ് സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി സ്ഥാപനത്തിന്റെ അംഗീകാരം ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
ഈ വെബ്സൈറ്റുകളുമായി ഇടപാട് നടത്തിയവരോ അല്ലെങ്കിൽ ഇവരെക്കുറിച്ച് വിവരം ലഭിച്ചവരോ ഉടൻ തന്നെ 01 224 5800 എന്ന നമ്പറിലോ സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അധികൃതരെ അറിയിക്കണം. സാമ്പത്തിക നഷ്ടവും വ്യക്തിവിവരങ്ങൾ ചോർത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും ഈ വെബ്സൈറ്റുകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നും സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചു.













