അയർലൻഡിൽ ഇ-സ്കൂട്ടർ ഉപയോഗത്തിന് പ്രായപരിധി കർശനമാക്കി സർക്കാർ. പൊതുനിരത്തുകളിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ്സായി ഉയർത്തിക്കൊണ്ടുള്ള നിയമഭേദഗതി ഔദ്യോഗികമായി നടപ്പിലാക്കി. 2026 ഒക്ടോബർ രണ്ട് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. നേരത്തെ 16 വയസ്സുള്ളവർക്ക് ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും, വർധിച്ചുവരുന്ന അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് റോഡ് സേഫ്റ്റി അതോറിറ്റി (RSA) സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയത്.
ഇ-സ്കൂട്ടർ ഉപയോഗം സംബന്ധിച്ച കണക്കുകൾ അതീവ ഗൗരവകരമാണെന്ന് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് സീൻ കാനി വ്യക്തമാക്കി. ഈ വർഷം മാത്രം ഇ-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് 793 കേസുകളിൽ നിയമനടപടികൾ സ്വീകരിക്കുകയും 1,412 ഇ-സ്കൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇ-സ്കൂട്ടറുകൾ കേവലം കളിപ്പാട്ടങ്ങളല്ലെന്നും അവ ഉപയോഗിക്കുമ്പോൾ ഉയർന്ന ഉത്തരവാദിത്തം ആവശ്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഹെൽമറ്റ് ധരിക്കുന്നതും ഹൈ-വിസിബിലിറ്റി വസ്ത്രങ്ങൾ അണിയുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് (CHI) ടെമ്പിൾ സ്ട്രീറ്റിലെ കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ ഡോ. എമർ റയാൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. യുവാക്കൾക്കിടയിൽ ഇ-സ്കൂട്ടർ അപകടങ്ങൾ മൂലമുണ്ടാകുന്ന മസ്തിഷ്ക പരിക്ക് വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് അവർ പറഞ്ഞു. പ്രായപരിധി 18 ആക്കി ഉയർത്തുന്നതിലൂടെ ഇത്തരം അപകടങ്ങൾ ഒരു പരിധിവരെ തടയാനും പീഡിയാട്രിക് ന്യൂറോസർജറി വിഭാഗത്തിലെ തിരക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
മുതിർന്ന ഉപയോക്താക്കൾക്കുള്ള നിയമങ്ങളിൽ മാറ്റമില്ല. മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ വേഗതയിൽ മാത്രമേ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ പാടുള്ളൂ. സൈക്കിൾ യാത്രക്കാർക്കുള്ള നിയമങ്ങൾ തന്നെയാകും ഇവർക്കും ബാധകം. സൈക്കിൾ ട്രാക്കുകളിലും ബസ് ലൈനുകളിലും സഞ്ചരിക്കാൻ അനുവാദമുണ്ടെങ്കിലും നടപ്പാതകളിലും മോട്ടോർവേകളിലും ഇവ ഓടിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സഹയാത്രികരെ ഒപ്പം കൂട്ടുന്നതും കുറ്റകരമാണ്. നിയമലംഘനം നടത്തുന്നവരുടെ ഇ-സ്കൂട്ടറുകൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഭാവിയിൽ ഇ-സ്കൂട്ടറുകൾക്ക് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. നഗരഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. പുതിയ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.













