ഡബ്ലിൻ: അയർലൻഡിന്റെ ദേശീയ ബ്രോഡ്കാസ്റ്ററായ ആർ.ടി.ഇയുടെ (RTÉ) ഡബ്ലിൻ 4-ലെ ആസ്ഥാനത്ത് സുരക്ഷാ ഭീഷണിയെ തുടർന്ന് വൻ ആശങ്ക. ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശത്തെ തുടർന്ന് സ്റ്റുഡിയോ കെട്ടിടങ്ങളും പരിസരവും അടിയന്തരമായി ഒഴിപ്പിച്ചു. സംഭവസ്ഥലത്ത് വൻ ഗാർഡ (Garda) സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഡേവിഡ് മക്കുലാഗ് അവതരിപ്പിക്കുന്ന ‘ടുഡേ’ (Today) എന്ന പ്രശസ്തമായ റേഡിയോ വൺ പരിപാടി ഈ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് മാറ്റി വെക്കേണ്ടി വന്നു. ഇതിനുപകരം പ്രീ-റെക്കോർഡ് ചെയ്ത സംഗീത പരിപാടികളാണ് തൽക്കാലം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്.
അയർലണ്ടിലെയും യുകെയിലെയും മറ്റ് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്കും സമാനമായ രീതിയിൽ ഇന്ന് രാവിലെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ എയർലൈനുകൾക്ക് നേരെയും സമാനമായ രീതിയിൽ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ഗാർഡയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.













