ലണ്ടൻ, UK – യുകെയിൽ കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ ചാറ്റ് ചെയ്ത സംഭവത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് അറസ്റ്റിൽ. യുകെയിലെ കുട്ടികളുടെ ലൈംഗിക പീഡനത്തിനായുള്ള ഓൺലൈൻ ഇടങ്ങൾ നിരീക്ഷിക്കുന്ന സ്വതന്ത്ര സംഘടനയായ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം (COST) ആണ് ഞായറാഴ്ച പുലർച്ചെ ജിതിൻ ജോസിനെ പിടികൂടിയത്. സ്റ്റോക്ക്‌പോർട്ടിൽ നിന്ന് ഹൾക്കടുത്തുള്ള ഗ്രിഫിത്ത്‌സിലെ ഒരു കോട്ടേജിലേക്ക് യാത്ര ചെയ്ത ശേഷമാണ് ഇയാൾ അറസ്റ്റിലായത്.
13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക സൂചന നൽകുന്ന ചാറ്റുകൾ നടത്തിയതായി ജിതിൻ ജോസ് സമ്മതിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ COST പുറത്തുവിട്ടു. ‘ആൽവിൻ എബ്രഹാം’ എന്ന അപരനാമം ഉപയോഗിച്ചായിരുന്നു ഇയാൾ ചാറ്റുകൾ നടത്തിയിരുന്നത്. മൂന്ന് വർഷം മുമ്പ് യുകെയിലേക്ക് താമസം മാറിയ ജിതിൻ, ഒരു കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.
11 വയസ്സിൽ താഴെയുള്ള നാല് കുട്ടികളുടെ പിതാവായ ഇയാൾ, സ്റ്റോക്പോർട്ടിൽ പള്ളിയുമായി ഏറെ ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ദേവാലയ ശുശ്രൂഷകനും മതപഠന ക്ലാസുകൾ എടുക്കുന്നയാളുമായിരുന്നു. ഈ വിവരങ്ങൾ പുറത്തുവന്നതോടെ പ്രാദേശിക മലയാളി സമൂഹം ഞെട്ടലിലാണ്.
നിലവിൽ റിമാൻഡിലുള്ള ജിതിൻ ജോസിന്റെ ഫോൺ നിരീക്ഷണത്തിലാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഒരു വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുമെന്നും നിലവിലെ യുകെ നയങ്ങൾ പ്രകാരം ശിക്ഷ നാടുകടത്തലിന് കാരണമായേക്കാമെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ ബാലപീഡന റിപ്പോർട്ടുകൾ നാഷണൽ ക്രൈം ഏജൻസിയുടെ ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ ആൻഡ് ഓൺലൈൻ പ്രൊട്ടക്ഷൻ കമാൻഡിന് (NCA-CEOP) രഹസ്യമായി സമർപ്പിക്കാവുന്നതാണ്.












