അധ്യയന വർഷം ആരംഭിക്കുന്നതോടെ അയർലൻഡിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള വാടക തട്ടിപ്പുകൾ വർധിക്കുന്നതായി മുന്നറിയിപ്പുമായി ഗാർഡ. സി.എ.ഒ (CAO) ഓഫറുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ മികച്ച താമസസൗകര്യത്തിനായി വിദ്യാർത്ഥികളും രക്ഷിതാക്കളും നടത്തുന്ന നെട്ടോട്ടം മുതലെടുത്ത് വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് അരങ്ങേറുന്നത്. 2024-ൽ മാത്രം ഇത്തരം തട്ടിപ്പുകളിലൂടെ 400,000 യൂറോയിലധികം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ജൂലൈ അവസാനത്തോടെ തന്നെ 230-ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ തട്ടിപ്പുകൾ വൻതോതിൽ വർധിക്കാൻ സാധ്യതയുണ്ടെന്ന് അൻ ഗാർഡ സിയോക്കാന (An Garda Síochána) മുന്നറിയിപ്പ് നൽകുന്നു. വാടക വീട്ടിൽ നേരിട്ടു പോയി കാണും മുൻപ് ഡെപ്പോസിറ്റ് തുക കൈമാറാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. തങ്ങൾ വിദേശത്താണെന്നും പണം അക്കൗണ്ടിലേക്ക് മാറ്റിയാൽ മാത്രമേ വീട് തുറന്നു തരാൻ സാധിക്കൂ എന്നും ഇവർ വിശ്വസിപ്പിക്കുന്നു. പലപ്പോഴും ഒരേ വീട് തന്നെ പലർക്ക് കാണിച്ച് വൻ തുക തട്ടിയെടുക്കുന്ന സംഘങ്ങളും സജീവമാണ്. പണം നൽകി എത്തുമ്പോൾ വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയതായോ അല്ലെങ്കിൽ വീട് അങ്ങനെയൊന്ന് നിലവിലില്ലാത്തതായോ വിദ്യാർത്ഥികൾ തിരിച്ചറിയുന്നു.
ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ അലൻ ഗവേൺ പറയുന്നതനുസരിച്ച്, പ്രോപ്പർട്ടി തട്ടിപ്പുകൾക്ക് പുറമെ മണി മ്യൂൾ (Money Mules) തട്ടിപ്പുകളും വിദ്യാർത്ഥികൾക്കിടയിൽ വർധിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ക്രിമിനൽ സംഘങ്ങൾ നിയമവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നു. അറിയാതെയാണെങ്കിൽ പോലും ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നത് ഗൗരവകരമായ ക്രിമിനൽ കുറ്റമാണ്. ഇത് ഭാവിയിൽ ജോലിക്കോ വിസയ്ക്കോ അപേക്ഷിക്കുമ്പോൾ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുകയും, 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറുകയും ചെയ്യും.
വിദ്യാർത്ഥികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഒരു കാരണവശാലും നേരിട്ട് കാണാത്ത വീടുകൾക്കായി മുൻകൂറായി പണം നൽകരുത്. റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ (RTB) വെബ്സൈറ്റിൽ പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിൽ മാത്രം വിശ്വസിക്കാതെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രം താമസസൗകര്യം കണ്ടെത്താൻ ശ്രമിക്കുക. അജ്ഞാതരിൽ നിന്നും വരുന്ന വാട്സ്ആപ്പ്, മെസഞ്ചർ സന്ദേശങ്ങളോട് അതീവ ജാഗ്രത പുലർത്തണമെന്നും ഗാർഡ അഭ്യർത്ഥിച്ചു.













