ഡബ്ലിനിൽ ഗാർഡ നടത്തിയ വ്യാപക റെയ്ഡിൽ മയക്കുമരുന്നും വെടിയുണ്ടകളും പണവും വാഹനങ്ങളും പിടികൂടി. ഡബ്ലിനിലെ വിവിധയിടങ്ങളിൽ നടത്തിയ സംയുക്ത പൊലീസ് പരിശോധനയിൽ അറുപതോളം ഗാർഡ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ക്ലോണ്ടൽകിൻ, ബാലിഫെർമോട്ട്, റൊണാൺസ്ടൗൺ, ടെറനൂർ, തല്ലാട്ട് എന്നീ പ്രദേശങ്ങളിലെ പത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടികളിലാണ് ഒരേസമയം പരിശോധന നടത്തിയത്. കഴിഞ്ഞ മാസം നാലാം തീയതി സെന്റ് കിലിയൻസ് പാർക്കിലുണ്ടായ വെടിവെയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുന്നതിനാണ് പ്രധാനമായും ഈ പൊലീസ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അന്ന് നടന്ന സംഭവത്തിൽ നാപ്പതുകളിൽ പ്രായമുള്ള ഒരാൾക്ക് പരിക്കേറ്റിരുന്നു.
പരിശോധനയിൽ 35,050 യൂറോ വിലമതിക്കുന്ന മയക്കുമരുന്നും 5,000 യൂറോയും പിടിച്ചെടുത്തു. 18,000 യൂറോ വിലവരുന്ന കൊക്കെയ്ൻ, 15,860 യൂറോ വിലമതിക്കുന്ന കഞ്ചാവ്, 1,190 യൂറോ വിലയുള്ള കഞ്ചാവ് റെസിൻ എന്നിവയാണ് കണ്ടെടുത്ത ലഹരിവസ്തുക്കൾ. ഇതിനുപുറമേ ഷോട്ടഗൺ കാട്രിഡ്ജുകൾ, യാമഹ മോട്ടോർസൈക്കിൾ, യാമഹ ബോട്ട് എൻജിൻ, ഫോർഡ് ട്രാൻസിറ്റ് വാഹനം, മൊബൈൽ ഫോണുകൾ എന്നിവയും കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നും വെടിയുണ്ടകളും വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് അയർലൻഡിലേക്ക് (FSI) അയക്കുമെന്ന് ഗാർഡ അധികൃതർ സ്ഥിരീകരിച്ചു. വെടിവെയ്പ്പ് സംഭവത്തെക്കുറിച്ചും ഇതിനു പിന്നിലെ ക്രിമിനൽ ശൃംഖലകളെക്കുറിച്ചുമുള്ള അന്വേഷണം തുടരുകയാണ്.













