അയർലൻഡിലെ വാടക വിപണിയിൽ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിർദേശങ്ങളുമായി റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (RTB). രാജ്യത്ത് താമസ സൗകര്യങ്ങൾക്കുള്ള ഡിമാൻഡ് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ, വാടക കരാറുകൾ സുതാര്യവും നിയമപരവുമാണെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടിങ് എ ടെനൻസി ചെക്ക്ലിസ്റ്റ് (Starting a Tenancy Checklist) അധികൃതർ പുറത്തിറക്കി.
വാടക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളെക്കുറിച്ച് RTB പ്രത്യേക മുന്നറിയിപ്പ് നൽകുന്നുണ്ട്. 2026 മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിലുള്ള നിയമപ്രകാരം, വാടക വർധിപ്പിക്കുകയാണെങ്കിൽ അത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഭൂവുടമകൾ വാടകക്കാർക്കും RTB-ക്കും നൽകേണ്ടതുണ്ട്. റെന്റ് പ്രഷർ സോണുകളിൽ (RPZ) വാടക എങ്ങനെ നിശ്ചയിച്ചു എന്ന് വ്യക്തമാക്കുന്ന രേഖയാണിത്. ഇത്തരമൊരു രേഖ ലഭിച്ചിട്ടില്ലെങ്കിൽ അത് ആവശ്യപ്പെടാൻ വാടകക്കാർക്ക് അവകാശമുണ്ട്. നിയമവിരുദ്ധമായ വാടക വർധനവിൽ നിന്ന് രക്ഷനേടാൻ ഈ രേഖ സഹായിക്കും.
വാടക കരാറുകളിൽ ഒപ്പിടുന്നതിന് മുൻപ് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് RTB നിർദേശിക്കുന്നു. ഒരു പ്രോപ്പർട്ടി നേരിട്ട് സന്ദർശിച്ച് പരിശോധിക്കാതെ പണമോ ഡെപ്പോസിറ്റോ നൽകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വാസസ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. താമസത്തിനായി എത്തുമ്പോൾ തന്നെ വീടിന്റെയും സാധനങ്ങളുടെയും അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോഗ്രാഫിക് ഇൻവെന്ററി റിപ്പോർട്ട് തയ്യാറാക്കുന്നത് പിന്നീട് ഡെപ്പോസിറ്റ് തിരികെ ലഭിക്കുമ്പോൾ ഉണ്ടാകാവുന്ന തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
തങ്ങൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്റെ പേരും വിലാസവും അറിയാൻ വാടകക്കാർക്ക് നിയമപരമായ അവകാശമുണ്ട്. ഏജൻസികൾ വഴിയാണ് ഇടപാടുകൾ നടത്തുന്നതെങ്കിലും യഥാർത്ഥ ഉടമസ്ഥന്റെ വിവരങ്ങൾ കൈവശം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ ആശയവിനിമയം സുഗമമാക്കാൻ ഇത് സഹായിക്കും.
റന്റ്-എ-റൂം (ഡിഗ്സ്), സ്റ്റുഡന്റ് സ്പെസിഫിക് അക്കോമഡേഷൻ (SSA) എന്നിങ്ങനെ വിവിധ തരം വാടക താമസ സൗകര്യങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളാണ് ബാധകമാകുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേക അവകാശങ്ങളുണ്ട്. അതിനാൽ വിദ്യാർത്ഥികൾ തങ്ങൾ താമസിക്കുന്ന ഇടം ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് RTB-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കണം. ഉടമസ്ഥരുമായുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്നും, അതിന് കഴിയാത്ത പക്ഷം ഔദ്യോഗികമായി പരാതി നൽകാൻ RTB-യെ സമീപിക്കാമെന്നും അധികൃതർ വ്യക്തമാക്കി. വർധിച്ചുവരുന്ന ഭവന പ്രതിസന്ധിക്കിടയിൽ, സുരക്ഷിതവും നീതിയുക്തവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ഈ മുൻകരുതലുകൾ അനിവാര്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.













