അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനം വിവാദത്തിൽ. അയർലൻഡ് പ്രസിഡന്റ് കാതറിൻ കോണോളിയുടെ സഹോദരിയും ആക്ടിവിസ്റ്റുമായ ഡോ. മാർഗരറ്റ് കോനോളി നടത്തിയ രൂക്ഷമായ പരാമർശങ്ങളാണ് വലിയ നയതന്ത്ര പ്രതിസന്ധിക്കും വിവാദത്തിനും വഴിവെച്ചിരിക്കുന്നത്. ഗാസയിലെ മാനുഷിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യുഎസ് നയങ്ങൾക്കെതിരെ ഡബ്ലിനിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഡോ. മാർഗരറ്റ് വിവാദപരമായ പ്രസ്താവന നടത്തിയത്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്ക് അമേരിക്ക നൽകുന്ന പിന്തുണയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഡോ. മാർഗരറ്റ് പ്രതികരിച്ചത്. ഗാസയിൽ ബോംബാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ വാഷിംഗ്ടൺ ഡിസിയിലേക്ക് കൊണ്ടുപോയി വൈറ്റ് ഹൗസിന് മുകളിൽ നിക്ഷേപിച്ച് അത് തകർക്കണമെന്നായിരുന്നു സിഎൻഎൻ റിപ്പോർട്ടറോട് സംസാരിക്കവേ ഇവർ ആവശ്യപ്പെട്ടത്. ഗാസയിലെ വംശഹത്യയിൽ അമേരിക്കൻ പ്രസിഡന്റ് പങ്കാളിയാണെന്നും ഇവർ ആരോപിച്ചു. മുമ്പ് ഇസ്രായേലി സൈന്യത്തിന്റെ തടങ്കലിലായിട്ടുള്ള വ്യക്തിയാണ് ഡോ. മാർഗരറ്റ്.
അയർലൻഡ് പ്രസിഡന്റ് കാതറിൻ കോനോളി വൈറ്റ് ഹൗസിൽ വെച്ച് ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന അതേ ദിവസമാണ് ഇത്തരമൊരു വിവാദ പരാമർശം ഉണ്ടായതെന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം യുദ്ധത്തെയും വംശഹത്യയെയും ഐറിഷ് ജനത എതിർക്കുന്നുണ്ടെന്ന് പ്രസിഡന്റ് കാതറിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ സഹോദരിയുടെ പരാമർശങ്ങളിൽ നിന്ന് പ്രസിഡന്റ് ഔദ്യോഗികമായി അകലം പാലിച്ചു.
സംഭവത്തിൽ അയർലൻഡ് പ്രധാനമന്ത്രി (Taoiseach) മൈക്കൽ മാർട്ടിൻ വിശദീകരണവുമായി രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടെങ്കിലും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളെ തള്ളിക്കളയുന്നതായി അദ്ദേഹം പറഞ്ഞു. ഡോ. മാർഗരറ്റ് ഒരു സ്വതന്ത്ര പൗരയെന്ന നിലയിൽ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ വൈറ്റ് ഹൗസ് തകർക്കണമെന്ന പരാമർശത്തോട് യോജിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ഐറിഷ് പൗരൻ തന്നെ രൂപകൽപ്പന ചെയ്ത ചരിത്രപരമായ നിർമ്മിതിയാണ് വൈറ്റ് ഹൗസെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡൂൺബെഗിലെ തന്റെ ഗോൾഫ് റിസോർട്ടിലെ സന്ദർശനമുൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാനെത്തിയ ട്രംപിന്റെ പര്യടനം, അയർലൻഡിലെ ജനകീയ പ്രതിഷേധങ്ങളും സർക്കാരിന്റെ നയതന്ത്ര ബന്ധങ്ങൾ നിലനിർത്താനുള്ള ശ്രമങ്ങളും തമ്മിലുള്ള വലിയ അന്തരം വ്യക്തമാക്കുന്നതായി മാറി. അയർലൻഡിന്റെ ഏകീകരണം പോലുള്ള അതീവ ഗൗരവകരമായ വിഷയങ്ങളും ട്രംപിന്റെ സന്ദർശനത്തിനിടെ ചർച്ചയായതായാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ച ട്രംപിന്റെ സന്ദർശനം ഇതോടെ വലിയ രാഷ്ട്രീയ വിവാദങ്ങളിൽ മുങ്ങിയിരിക്കുകയാണ്.













