സീറ്റിൽ (യു.എസ്.എ): അമേരിക്കയിലെ സീറ്റിലിൽ നടന്ന ദീപാവലി ആഘോഷപരിപാടിക്കിടെ വംശീയ അധിക്ഷേപവുമായും വിദ്വേഷ മുദ്രാവാക്യങ്ങളുമായും കടന്നുകയറി തീവ്ര വലതുപക്ഷ പ്രവർത്തകർ. ‘ക്രിസ്ത്യാനികൾക്ക് പകരം ഹിന്ദുക്കളെ പ്രതിഷ്ഠിക്കുന്നത് അവസാനിപ്പിക്കുക’ (‘Stop Hindu Replacement of Christians’), ‘ഇന്ത്യൻ വംശജരെ നാടുകടത്തുക’ (‘Deport All Dot Heads’) തുടങ്ങിയ വംശീയമായ പ്ലാക്കാർഡുകൾ ഏന്തിയാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സീറ്റിൽ സെന്റർ ആർമറിയിൽ വെച്ച് നടന്ന സാംസ്കാരിക ആഘോഷത്തിനിടയിലാണ് സംഭവം. ട്രംപ് അനുകൂല തീവ്ര ചിന്താഗതിക്കാരനും ജനുവരി 6 ക്യാപിറ്റോൾ ആക്രമണ കേസിൽ കുറ്റാരോപിതനുമായിരുന്ന ജേക്ക് ലാങ് (Jake Lang), തോമസ് അല്ലെൻ (Thomas Allen) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്ലേക്കാർഡുകളേന്തി സാംസ്കാരിക വേദിയിലേക്ക് അതിക്രമിച്ചു കയറിയത്.
വേദിയിൽ കലാപരിപാടികൾ നടന്നുകൊണ്ടിരിക്കെ അമേരിക്കൻ ദേശീയ പതാകയും വംശീയ അധിക്ഷേപ വാചകങ്ങൾ അടങ്ങിയ ബോർഡുകളും ഉയർത്തി ഇവർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ആഘോഷത്തിൽ പങ്കെടുത്തവരും സംഘാടകരും ചേർന്ന് ഇവരെ ഉടൻ തന്നെ ഹാളിൽ നിന്നും പുറത്താക്കി. ഇതേത്തുടർന്ന് പുറത്തുവെച്ചും സംഘർഷാവസ്ഥ നിലനിന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുവരുന്നത്. അമേരിക്കൻ ജനപ്രതിനിധി സഭയിലെ അംഗമായ പ്രമീള ജയപാൽ സംഭവത്തിൽ ശക്തമായ അമർഷം രേഖപ്പെടുത്തി. “ഈ വംശീയവും വിദ്വേഷം നിറഞ്ഞതുമായ പ്രവർത്തനം തികച്ചും അപലപനീയമാണ്. ദീപാവലി ഒരു പ്രധാന ആഘോഷമാണ്. അത് ഭയമില്ലാതെ സുരക്ഷിതമായി ആഘോഷിക്കാൻ സമൂഹത്തിന് അവകാശമുണ്ട്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് നമ്മുടെ നഗരത്തിലോ രാജ്യത്തോ സ്ഥാനമില്ല,” എന്ന് പ്രമീള ജയപാൽ കുറിച്ചു.
വാഷിംഗ്ടൺ സംസ്ഥാനത്ത് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകൾ വലുതാണെന്നും വംശീയ അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജനപ്രതിനിധികളും വിവിധ ഹൈന്ദവ-സാംസ്കാരിക സംഘടനകളും വ്യക്തമാക്കി. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













