അയർലൻഡിൽ Child Trafficking കേസുകൾ കണ്ടെത്താനുള്ള സംവിധാനങ്ങൾ പാളുന്നുവെന്ന് ഐറിഷ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി കമ്മീഷൻ (IHREC). രാജ്യത്തെ മനുഷ്യക്കടത്ത് വിരുദ്ധ നിരീക്ഷകർ എന്ന നിലയിൽ കമ്മീഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024-ൽ പത്തും 2025-ൽ പതിനെട്ടും കുട്ടികളെയാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം മനുഷ്യക്കടത്തിന് ഇരയായതായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഇത് യഥാർത്ഥ കണക്കുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും വലിയൊരു വിഭാഗം കുട്ടികൾ ഇന്നും അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ പോവുകയാണെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.
ചൈൽഡ് ട്രാഫിക്കിംഗ് ആൻഡ് ഐസിടി-ഫസിലിറ്റേറ്റഡ് ചൈൽഡ് ട്രാഫിക്കിംഗ് ഇൻ അയർലൻഡ് എന്ന പേരിൽ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം, പലപ്പോഴും അവരെ സാധാരണ ശിശുക്ഷേമ വിഭാഗത്തിന്റെയോ അല്ലെങ്കിൽ ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെയോ പരിധിയിൽപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതോടെ, ഇരകളാക്കപ്പെട്ട കുട്ടികളുടെ അവസ്ഥ തിരിച്ചറിയപ്പെടാതെ പോകുകയും അവർക്ക് ലഭിക്കേണ്ട പ്രത്യേക സംരക്ഷണവും സഹായങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഐഎച്ച്ആർഇസി ചീഫ് കമ്മീഷണർ ലിയാം ഹെറിക് ഇക്കാര്യം ചൂണ്ടിക്കാട്ടി. നിലവിലെ കണക്കുകൾ സഹായം ലഭിച്ചവരെ മാത്രമാണ് കാണിക്കുന്നത്, എന്നാൽ സഹായം ലഭിക്കാതെ ചൂഷണത്തിനിരയാകുന്നവരുടെ യഥാർത്ഥ എണ്ണം ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ വളർച്ച ബാലക്കടത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. സോഷ്യൽ മീഡിയ, മെസ്സേജിംഗ് ആപ്പുകൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് കുട്ടികളെ വലയിലാക്കുന്നത്. ഭൗതികമായ നിരീക്ഷണത്തിന് അതീതമായി ഡിജിറ്റൽ ഇടങ്ങളിലൂടെ നടക്കുന്ന ഇത്തരം നീക്കങ്ങൾ തടയുന്നതിൽ നിലവിലെ നിയന്ത്രണ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. പ്രത്യേകിച്ച്, പ്രവാസികളായ കുട്ടികൾ ഇത്തരക്കാരുടെ പ്രധാന ലക്ഷ്യങ്ങളാകുന്നുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇരകളാക്കപ്പെടുന്ന കുട്ടികളെ തിരിച്ചറിയാത്ത സാഹചര്യത്തിൽ, നിർബന്ധപൂർവം ലഹരിമരുന്ന് കടത്തലടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്തുന്നതും പിന്നീട് ഇവർക്കെതിരെ തന്നെ നിയമനടപടികൾ സ്വീകരിക്കുന്നതും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ, ദേശീയ തലത്തിൽ തന്നെ അടിയന്തരമായ നയമാറ്റങ്ങൾ വേണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്. കുട്ടികളെ കേന്ദ്രീകരിച്ചുള്ളതും, കൃത്യമായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ഉൾപ്പെടുത്തിയുള്ള കർമ്മപദ്ധതി വേണം നടപ്പിലാക്കാൻ. ഡിജിറ്റൽ ഇടങ്ങളിലെ കർശനമായ നിരീക്ഷണവും മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനവും ഉറപ്പാക്കിയില്ലെങ്കിൽ അയർലൻഡിലെ കുട്ടികൾ കൂടുതൽ വലിയ അപകടങ്ങളിലേക്ക് നീങ്ങുമെന്നും ഐഎച്ച്ആർഇസി വ്യക്തമാക്കി.













