അയർലൻഡിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്ക് തങ്ങളുടെ പങ്കാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളിൽ കർശനമായ മാറ്റങ്ങളുമായി അയർലൻഡ് നീതിന്യായ വകുപ്പ്. രാജ്യത്തെ ഭവന പ്രതിസന്ധിയും കുടിയേറ്റ സമ്മർദ്ദവും കണക്കിലെടുത്ത് കുടുംബ പുനരേകീകരണത്തിനുള്ള (Family Reunification) മാർഗനിർദ്ദേശങ്ങൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. അപേക്ഷകർ ആവശ്യമായ സാമ്പത്തിക ശേഷി കൈവരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും പൊതുസേവനങ്ങൾക്ക് അധികഭാരമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ദീർഘകാല താമസക്കാരുടെ (Long-term resident) നിർവചനത്തിലും മാറ്റം വന്നിട്ടുണ്ട്. തുടർച്ചയായി 60 മാസം നിയമപരമായ താമസം പൂർത്തിയാക്കിയവർക്ക് മാത്രമേ സ്പോൺസർഷിപ്പിന് അർഹതയുള്ളൂ. തൊഴിൽ പെർമിറ്റിന്റെ കാലാവധി എന്നതിലുപരി, ഒഫീഷ്യൽ ഇമിഗ്രേഷൻ സ്റ്റാമ്പുകൾ അല്ലെങ്കിൽ ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡിന്റെ സാധുത അടിസ്ഥാനമാക്കിയാണ് ഈ കാലയളവ് കണക്കാക്കുന്നത്. താമസ രേഖകളിലുണ്ടാകുന്ന ചെറിയ വിടവുകൾ പോലും അപേക്ഷ നിരസിക്കപ്പെടാൻ കാരണമാകുമെന്നതിനാൽ രേഖകളുടെ കൃത്യത ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക സുസ്ഥിരതയ്ക്ക് പുതിയ നയത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ജനറൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്നവർ 2026 ജൂൺ 12 മുതൽ പ്രതിവർഷം 30,000 യൂറോ മൊത്ത വരുമാനം (Gross income) തെളിയിക്കണം. ഐറിഷ് പൗരന്മാരാണ് സ്പോൺസർമാരെങ്കിൽ, അപേക്ഷയ്ക്ക് മുൻപുള്ള മൂന്ന് വർഷത്തിനിടെ 75,000 യൂറോ വരുമാനം ഉണ്ടായിരിക്കണം.
രാജ്യത്തെ ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ താമസ സൗകര്യങ്ങൾ സംബന്ധിച്ച നിബന്ധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. അപേക്ഷകർ താമസിക്കുന്ന സ്ഥലം അമിതമായി തിരക്കുള്ളതല്ലെന്നും ദമ്പതികൾക്ക് പ്രത്യേകമായി ഒരു കിടപ്പുമുറി ഉറപ്പാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഇത്തരം തെളിവുകൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടും.
അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഇത്തവണ പുതിയ നടപടികളുമുണ്ട്. പൂർണ്ണമല്ലാത്ത അപേക്ഷകൾ പിന്നീട് രേഖകൾ ചോദിച്ചുവാങ്ങുന്നതിന് പകരം നേരിട്ട് നിരസിക്കാനാണ് നീതിന്യായ വകുപ്പിന്റെ തീരുമാനം. 12 മാസം വരെ നീളുന്ന പ്രോസസ്സിംഗ് സമയം കണക്കിലെടുത്ത്, ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) പോർട്ടലിലെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു. കുടുംബ പുനരേകീകരണം ഒരു അവകാശമല്ല, മറിച്ച് സർക്കാരിന്റെ പ്രത്യേക പരിഗണന മാത്രമാണെന്നും അന്തിമ തീരുമാനം നീതിന്യായ മന്ത്രിയുടെ വിവേചനാധികാരത്തിൽ അധിഷ്ഠിതമാണെന്നും വകുപ്പ് വ്യക്തമാക്കി.













