ഐർലൻഡിലെ ഭവന വിപണി നിലവിൽ ഗുരുതരമായ വിലക്കയറ്റ പ്രതിസന്ധിയിലാണെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) റിപ്പോർട്ട്. രാജ്യത്തെ വീടുകളുടെ വില യഥാർത്ഥ വിപണി മൂല്യത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഗാർഹിക വരുമാനം, ജനസംഖ്യാ മാറ്റങ്ങൾ, പലിശ നിരക്കുകൾ തുടങ്ങിയ അടിസ്ഥാന സാമ്പത്തിക ഘടകങ്ങളുമായി പൊരുത്തപ്പെടാത്ത തരത്തിലുള്ള വിലവർധനവാണ് നിലനിൽക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ESRI സീനിയർ റിസർച്ച് ഓഫീസർ ഡോ. പോൾ ഈഗന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. കഴിഞ്ഞ വർഷം അവസാന പകുതിയിലെ വിപണി വിവരങ്ങൾ വിശകലനം ചെയ്തായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്. 2013-ന് ശേഷം ഭവന വിലയിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തുന്നത്. 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് മുൻപുണ്ടായിരുന്നതിന് സമാനമായ നിലയിലേക്ക് വീടുകളുടെ വില ഉയർന്നുവെങ്കിലും, നിലവിലെ സാഹചര്യം അന്ന് നിലനിന്ന കുമിളയിൽ (bubble) നിന്ന് വ്യത്യസ്തമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
2008-ന് മുൻപ് അമിതമായ വായ്പകളും 100 ശതമാനം മോർട്ട്ഗേജ് സൗകര്യങ്ങളും വിപണിയെ പ്രതിസന്ധിയിലാക്കിയെങ്കിൽ, ഇപ്പോഴത്തെ പ്രശ്നം ഭവനങ്ങളുടെ ദൗർലഭ്യവും ആവശ്യകതയിലെ വർധനവുമാണെന്ന് റിപ്പോർട്ട് പറയുന്നു. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. സർക്കാർ സഹായത്തോടെയുള്ള ഭവന പദ്ധതികൾക്ക് ഇവർ അർഹരല്ല, അതേസമയം കുതിച്ചുയരുന്ന വീടുകളുടെ വിലയ്ക്ക് അനുസൃതമായി വരുമാനം വർധിക്കുന്നുമില്ല. ഉയരുന്ന മോർട്ട്ഗേജ് പലിശ നിരക്കുകൾ കൂടിയാകുമ്പോൾ സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ വലിയ പ്രതിസന്ധിയിലാകുന്നു.
അതേസമയം, വിപണി പെട്ടെന്നൊരു തകർച്ചയിലേക്ക് നീങ്ങാൻ സാധ്യതയില്ലെന്നാണ് ESRI-യുടെ വിലയിരുത്തൽ. 2008-ന് ശേഷം സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് നടപ്പിലാക്കിയ കർശനമായ വായ്പാ നിയന്ത്രണങ്ങൾ വിപണിക്ക് സുരക്ഷയേകുന്നുണ്ട്. വീടുകളുടെ വിലയും വരുമാനവും തമ്മിൽ അന്തരമുണ്ടെങ്കിലും, കുടുംബങ്ങളുടെ കടബാധ്യത മുൻകാലങ്ങളെ അപേക്ഷിച്ച് നിയന്ത്രണവിധേയമാണ്. ഭവന നിർമ്മാണ മേഖലയിൽ വിതരണം വർധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഈ പ്രതിസന്ധി വരും വർഷങ്ങളിലും അയർലൻഡിന്റെ നയരൂപീകരണത്തിലെ പ്രധാന വെല്ലുവിളിയായി തുടരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.













