അയർലണ്ടിലേക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കും ഐറിഷ് പൗരന്മാർക്കും കടുത്ത വെല്ലുവിളിയായി ഫാമിലി റീ യൂണിഫിക്കേഷൻ (Family Reunification) നിയമങ്ങളിൽ വൻ മാറ്റങ്ങൾ. ഉയർന്ന വരുമാന പരിധി, കുടുംബാംഗങ്ങളുടെ പ്രായപരിധിയിലുള്ള മാറ്റങ്ങൾ, കർശനമായ താമസ വ്യവസ്ഥകൾ, വർദ്ധിപ്പിച്ച കാത്തിരിപ്പ് കാലയളവ് എന്നിവയുൾപ്പെടെയുള്ള പുതിയ നയങ്ങൾ കുടിയേറ്റ കുടുംബങ്ങളെ വലിയ തോതിൽ ബാധിക്കുന്നതാണ്.
പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
വരുമാന പരിധി ഒറ്റയ്ക്ക് തികയ്ക്കണം: പുതിയ നിയമപ്രകാരം, പങ്കാളിയെയോ കുട്ടികളെയോ കൊണ്ടുവരാൻ അപേക്ഷിക്കുമ്പോൾ സ്പോൺസറുടെ (Sponsor) വ്യക്തിഗത വരുമാനം മാത്രമേ പരിഗണിക്കൂ. പങ്കാളിയുടെ വരുമാനം ഇതിനൊപ്പം ചേർത്ത് കണക്കാക്കാൻ കഴിയില്ല.
ജനറൽ എംപ്ലോയ്മെൻ്റ് പെർമിറ്റ് (Category C): ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് പങ്കാളിയെ കൊണ്ടുവരാൻ അപേക്ഷിക്കുന്നതിന് മുൻപുള്ള വർഷം കുറഞ്ഞത് 30,000 യൂറോ മൊത്ത വരുമാനം (Gross Income) ഉണ്ടായിരിക്കണം. കുട്ടികൾ കൂടിയുണ്ടെങ്കിൽ, വരുമാന പരിധി വർദ്ധിക്കും; ഉദാഹരണത്തിന്, ഒരു കുട്ടിയുണ്ടെങ്കിൽ വരുമാനം ഏകദേശം 50,000 യൂറോയ്ക്ക് മുകളിലായിരിക്കണം.
ഐറിഷ് പൗരന്മാർ (Category A): ഐറിഷ് പൗരന്മാർ പങ്കാളിയെ കൊണ്ടുവരാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 40,000 യൂറോ വരുമാനം കാണിക്കണം എന്നതായിരുന്നു നിലവിലെ വ്യവസ്ഥ. എന്നാൽ 2026 ജൂൺ 12 മുതൽ ഇത് മൂന്ന് വർഷ കാലയളവിൽ 75,000 യൂറോ ആയി (പ്രതിവർഷം ശരാശരി 25,000 യൂറോ) വർദ്ധിക്കുമെന്ന് പുതിയ മാറ്റങ്ങൾ സൂചിപ്പിക്കുന്നു.
മുതിർന്നവരായ കുടുംബാംഗങ്ങൾ: മാതാപിതാക്കളെയോ മുതിർന്ന കുട്ടികളെയോ കൊണ്ടുവരണമെങ്കിൽ അതിഭീമമായ വരുമാനമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരു വ്യക്തിയെ കൊണ്ടുവരാൻ സ്പോൺസർക്ക് ഏകദേശം 96,000 യൂറോയ്ക്ക് മുകളിൽ വാർഷിക വരുമാനം ആവശ്യമാണ്.
‘ന്യൂക്ലിയർ ഫാമിലി’ നിർവചനത്തിലെ പൊളിച്ചെഴുത്ത്
പഴയ നിയമപ്രകാരം 18 മുതൽ 23 വയസ്സ് വരെയുള്ള, ഫുൾ ടൈം വിദ്യാർത്ഥികളായ കുട്ടികളെ ‘ന്യൂക്ലിയർ ഫാമിലി’യുടെ (Nuclear Family) ഭാഗമായി പരിഗണിച്ചിരുന്നു.
എന്നാൽ പുതിയ നയപ്രകാരം ഇവരെ ഈ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇനിമുതൽ 18 വയസ്സിന് മുകളിലുള്ള കുട്ടികളെ അയർലണ്ടിലേക്ക് കൊണ്ടുവരണമെങ്കിൽ, അവർ ഗുരുതരമായ മെഡിക്കൽ അല്ലെങ്കിൽ മാനസിക പ്രശ്നങ്ങൾ കാരണം മാതാപിതാക്കളെ പൂർണ്ണമായും ആശ്രയിച്ച് ജീവിക്കുന്നവരാണെന്ന് (Wholly dependent) തെളിയിക്കണം.
താമസ സൗകര്യവും കാത്തിരിപ്പ് കാലയളവും
കർശന താമസ വ്യവസ്ഥ: ജനറൽ എംപ്ലോയ്മെൻ്റ് പെർമിറ്റ് ഉടമകൾ കുടുംബത്തെ കൊണ്ടുവരുമ്പോൾ, അവർക്ക് ജീവിക്കാൻ അനുയോജ്യമായ താമസസൗകര്യം (Accommodation) ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്.
കാത്തിരിപ്പ് കാലയളവ്: ജനറൽ എംപ്ലോയ്മെൻ്റ് പെർമിറ്റുള്ളവർക്ക് (Category C) തങ്ങളുടെ പങ്കാളിയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും കൊണ്ടുവരാൻ വിസ ലഭിച്ച് കുറഞ്ഞത് ഒരു വർഷം (12 മാസം) കാത്തിരിക്കണം. എന്നാൽ ക്രിട്ടിക്കൽ സ്കിൽസ് പെർമിറ്റ് ഉള്ളവർക്ക് (Category B) അപേക്ഷിക്കാൻ ഈ കാത്തിരിപ്പ് ആവശ്യമില്ല.
2026 ജൂൺ 11 മുതൽ അഭയാർത്ഥികൾക്കും സബ്സിഡിയറി പ്രൊട്ടക്ഷൻ ഉള്ളവർക്കും ഫാമിലി റീ യൂണിഫിക്കേഷനായി അപേക്ഷിക്കാൻ 2 വർഷം കാത്തിരിക്കേണ്ടി വരും.
കുടിയേറ്റക്കാരെ ബാധിക്കുന്നതെങ്ങനെ?
കുട്ടികളുടെ പ്രായപരിധി വെട്ടിച്ചുരുക്കിയതും വരുമാന പരിധിയിലെ കുത്തനെയുള്ള വർദ്ധനവും മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം കുടിയേറ്റക്കാരെ സാരമായി ബാധിക്കും. പ്രത്യേകിച്ച്, ഡിപ്പൻഡൻ്റ് വിസയിൽ വരാനിരുന്ന 18-നും 23-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ വഴി അടയുന്ന സാഹചര്യമാണ് പുതിയ നിയമത്തിലുള്ളത്. ഇവർക്ക് ഇനി സ്റ്റുഡൻ്റ് വിസയോ മറ്റോ ആശ്രയിക്കേണ്ടി വരും. കൂടാതെ, താമസസൗകര്യം തെളിയിക്കുന്ന രേഖകൾ കർശനമാക്കിയത്, രാജ്യത്തെ നിലവിലെ ഭവന പ്രതിസന്ധിക്കിടെ കുടുംബങ്ങളെ കൊണ്ടുവരുന്നത് കൂടുതൽ ദുഷ്കരമാക്കും. വരുമാന പരിധി ഒറ്റയ്ക്ക് കാണിക്കണമെന്ന നിബന്ധനയും പലർക്കും കടമ്പയാകും.













