ഐറിഷ് റോഡുകളിൽ അപകടങ്ങളും നിയമലംഘനങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി അയർലൻഡ് സർക്കാർ രംഗത്ത്. ഹൈവേകളിലും മോട്ടോർവേകളിലും തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള അപകടകരമായ പ്രവണതകൾ തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ഗതാഗത വകുപ്പ് സഹമന്ത്രി ഷോൺ കാനി ഇക്കാര്യം സ്ഥിരീകരിച്ചു.
എം50 പാത, കോർക്ക് ഓർബിറ്റൽ റോഡുകൾ തുടങ്ങിയ തിരക്കേറിയ പാതകളിൽ നിലവിലുള്ള ക്യാമറ ശൃംഖലയെ എഐ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കാനാണ് അധികൃതരുടെ നീക്കം. ഇതിലൂടെ തെറ്റായ ദിശയിൽ വരുന്ന വാഹനങ്ങളെ തത്സമയം കണ്ടെത്താനും അടിയന്തര മുന്നറിയിപ്പുകൾ നൽകാനും സാധിക്കും. ഗാർഡയ്ക്ക് കുറ്റക്കാരെ വേഗത്തിൽ പിടികൂടാനും വലിയ അപകടങ്ങൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇത് സംബന്ധിച്ച പൈലറ്റ് പദ്ധതികളുടെ റിപ്പോർട്ട് നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡിന് നിർദേശം നൽകിയിട്ടുണ്ട്. റോഡ് സേഫ്റ്റി അതോറിറ്റി (RSA), ആൻ ഗാർഡ സിയോക്കാന എന്നിവരുമായി സഹകരിച്ചാണ് ഈ പുതിയ നീക്കങ്ങൾ നടപ്പിലാക്കുന്നത്.
ഈ വർഷം തെറ്റായ ദിശയിൽ വാഹനമോടിക്കുന്ന സംഭവങ്ങളിൽ 32 ശതമാനം വർധനവാണുണ്ടായത്. ആഴ്ചയിൽ ശരാശരി രണ്ട് സംഭവങ്ങൾ വീതം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയമവ്യവസ്ഥ കൂടുതൽ കർശനമാക്കാനും സർക്കാർ തീരുമാനിച്ചു. മനഃപൂർവം തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ ശക്തമായ ശിക്ഷാ നടപടികൾ ഉൾക്കൊള്ളുന്ന ബിൽ ഈ വർഷാവസാനത്തോടെ നിയമമാക്കാനാണ് ഗതാഗത-നിയമ വകുപ്പുകൾ ലക്ഷ്യമിടുന്നത്. ഇത്തരം ഡ്രൈവിംഗിനെ വാഹനത്തെ ആയുധമായി ഉപയോഗിക്കുന്നതിന് തുല്യമായ കുറ്റകൃത്യമായി കാണുമെന്ന് മന്ത്രി ഷോൺ കാനി വ്യക്തമാക്കി.
ഇതോടൊപ്പം സമൂഹമാധ്യമങ്ങൾക്കെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. നിയമവിരുദ്ധമായ ഡ്രൈവിംഗ് രീതികളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ തടയുന്നതിൽ ടിക് ടോക് പോലുള്ള പ്ലാറ്റ്ഫോമുകൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജന സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നിലപാട് സ്വീകരിക്കാൻ സാങ്കേതിക കമ്പനികൾക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സാങ്കേതിക നിരീക്ഷണം, ശക്തമായ നിയമ നടപടികൾ, കോർപ്പറേറ്റ് ഉത്തരവാദിത്തം എന്നിവയിലൂടെ ഐറിഷ് റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.













