ഡബ്ലിൻ വിമാനത്താവളത്തിന് സമീപം വലിയ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. ചൊവ്വാഴ്ച വൈകുന്നേരം 5.20ഓടെ അയർലൻഡ് തീരത്താണ് സംഭവം നടന്നത്. ഡബ്ലിൻ വിമാനത്താവളത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്ന എയർ ലിംഗസ് റീജിയണൽ വിമാനത്തിലെ പൈലറ്റാണ് ഡ്രോണിനെ കണ്ടതായി റിപ്പോർട്ട് ചെയ്തത്.
ഏകദേശം 6,000 അടി ഉയരത്തിൽ വിമാനത്തിന് രണ്ട് മൈൽ അകലെയായി ഡ്രോൺ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടെന്നാണ് പൈലറ്റിന്റെ വെളിപ്പെടുത്തൽ. കറുത്ത നിറത്തിലുള്ള വലിയൊരു ഉപകരണം വിമാനത്തിന് സമീപത്തുകൂടി കടന്നുപോയതായാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് നൽകിയ സന്ദേശത്തിൽ പറയുന്നത്. എന്നാൽ റഡാർ സംവിധാനങ്ങളിൽ ഇത്തരം ഒരു വസ്തുവിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ലെന്ന് എയർ ട്രാഫിക് കൺട്രോളർമാർ അറിയിച്ചു. എങ്കിലും അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ റിപ്പോർട്ടിനെ കാണുന്നത്.
ലണ്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക തകരാർ കാരണം യു കെയിലും ഡബ്ലിനിലും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇത്തരമൊരു സുരക്ഷാ വീഴ്ചയും ഉണ്ടായത്. സംഭവത്തെ തുടർന്ന് അയർലൻഡ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പ്രദേശം പരിശോധിച്ചു. എയർ നാവിഗേഷൻ അയർലൻഡ് സുരക്ഷാ റിപ്പോർട്ട് തയ്യാറാക്കുകയും കേസ് കൂടുതൽ അന്വേഷണത്തിനായി അൻ ഗാർഡ സിയോക്കാനയ്ക്ക് കൈമാറുകയും ചെയ്തു. ഡ്രോണിന്റെ ഉടമസ്ഥനെ കണ്ടെത്താനും ഇത് ബോധപൂർവ്വമായ ഇടപെടലാണോ എന്ന് പരിശോധിക്കാനുമാണ് പോലീസിന്റെ നീക്കം.
ഡബ്ലിൻ വിമാനത്താവളത്തിന് സമീപം അനുവാദമില്ലാതെ ഡ്രോണുകൾ പറത്തുന്നത് സമീപകാലത്തായി വർധിച്ചിരിക്കുകയാണ്. ഉന്നതതല നയതന്ത്ര സന്ദർശനങ്ങൾ നടക്കുന്ന വേളയിലും സമാനമായ രീതിയിൽ ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ തുടരുന്നത് ദേശീയ സുരക്ഷാ വിഭാഗത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പ്രധാന അന്താരാഷ്ട്ര യാത്രാ കേന്ദ്രങ്ങൾക്കുനേരെയുണ്ടാകുന്ന ഇത്തരം സുരക്ഷാ ഭീഷണികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.













