ഡബ്ലിൻ സിറ്റി സെന്ററിലെ ഒരു സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ മോഷ്ടിക്കപ്പെട്ട എഴുപതിലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ ഗാർഡ പിടിച്ചെടുത്തു. മുപ്പത്തിയാറ് ലാപ്ടോപ്പുകളും നാൽപ്പത് മൊബൈൽ ഫോണുകളുമാണ് വ്യാഴാഴ്ച നടന്ന പരിശോധനയിൽ കണ്ടെടുത്തത്.
കഴിഞ്ഞ ജൂലൈയിൽ ഡബ്ലിൻ 1 പ്രദേശത്ത് മോഷ്ടിക്കപ്പെട്ട ഒരു മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിതിരിവായത്. സ്റ്റോർ സ്ട്രീറ്റ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഗാർഡ ടീമും ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയും (GNECB) സംയുക്തമായാണ് ആസൂത്രിതമായ റെയ്ഡ് നടത്തിയത്. കോംപറ്റിഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷന്റെയും (CCPC) സഹകരണത്തോടെയായിരുന്നു അന്വേഷണം.
നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള ഒരു ബിസിനസ് സ്ഥാപനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടന്നത്. പിടിച്ചെടുത്ത മുഴുവൻ ഉപകരണങ്ങളും യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകുന്നതിനായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി വരികയാണെന്ന് ഗാർഡ വക്താവ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
മോഷണം പോകുന്ന ഫോണുകളുടെ സിം കാർഡുകളും 15 അക്ക ഐ.എം.ഇ.ഐ (IMEI) നമ്പറുകളും ബ്ലോക്ക് ചെയ്യുന്നതിനായി ഉപയോക്താക്കൾ ഉടൻ തന്നെ സേവന ദാതാക്കളെ ബന്ധപ്പെടണമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. ഉപകരണങ്ങളുടെ വിവരങ്ങൾ സഹിതം അടുത്തുള്ള ഗാർഡ സ്റ്റേഷനിൽ പരാതിപ്പെടണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.













