ഇറ്റലിയിലെ പീസയിൽ (Pisa) നിന്നും സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ പ്രെസ്റ്റ്വിക്കിലേക്ക് (Glasgow Prestwick) 177 പേരുമായി യാത്ര തിരിച്ച റയാൻ എയർ (Ryanair) ബോയിങ് വിമാനം തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്.ഇന്ധനം തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ബ്രിട്ടീഷ് എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (AAIB) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഈ സംഭവത്തെ തികച്ചും ‘ഗുരുതരം’ (serious incident) എന്നാണ് അന്വേഷണ ഏജൻസി വിശേഷിപ്പിച്ചിരിക്കുന്നത്.
2025 ഒക്ടോബർ 3-നാണ് ഈ ഭയാനകമായ സംഭവം നടന്നത്. സ്കോട്ട്ലൻഡിൽ ആഞ്ഞടിച്ച ‘ഏമി’ (Storm Amy) ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയാണ് വിമാനത്തിന് ഭീഷണിയായത്. ഗ്ലാസ്ഗോ വിമാനത്താവളത്തിന് മുകളിൽ എത്തിയ വിമാനം രണ്ടുതവണ ഇറക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായുണ്ടായ കനത്ത കാറ്റ് (wind shear) കാരണം ലാൻഡിങ് പരാജയപ്പെടുകയായിരുന്നു. തുടർന്ന് മാഞ്ചസ്റ്ററിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റുമാർ അനുമതി തേടി. ചട്ടങ്ങൾ പ്രകാരം അടിയന്തര ലാൻഡിങ്ങിന് അനുമതി നൽകേണ്ടതാണെങ്കിലും, വിമാനത്താവളത്തിലെ ആശയവിനിമയത്തിലുണ്ടായ പിഴവ് മൂലം അധികൃതർ ആദ്യം ഇത് നിരസിച്ചു.
ഗത്യന്തരമില്ലാതെ വിമാനം എഡിൻബർഗിലേക്ക് (Edinburgh) കൊണ്ടുപോയെങ്കിലും അവിടെയും ശക്തമായ കാറ്റ് കാരണം മൂന്നാമത്തെ ലാൻഡിങ് ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ വിമാനത്തിലെ ഇന്ധനം അതിവേഗം അപകടകരമായ നിലയിലേക്ക് കുറഞ്ഞു. മറ്റ് മാർഗ്ഗങ്ങളില്ലാതെ പൈലറ്റുമാർ ഇന്ധന അടിയന്തരാവസ്ഥ അഥവാ ‘മെയ്ഡേ’ (MAYDAY FUEL) പ്രഖ്യാപിക്കുകയും വിമാനം മാഞ്ചസ്റ്ററിലേക്ക് തന്നെ അടിയന്തരമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
മാഞ്ചസ്റ്ററിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുമ്പോൾ കേവലം 363 കിലോഗ്രാം ഇന്ധനം മാത്രമാണ് വിമാനത്തിൽ അവശേഷിച്ചിരുന്നതെന്ന് AAIB റിപ്പോർട്ടിൽ പറയുന്നു. വ്യോമയാന ചട്ടപ്രകാരം ചുരുങ്ങിയത് 1,100 കിലോഗ്രാം റിസർവ് ഇന്ധനം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വിമാനത്തിൽ ഉണ്ടായിരിക്കണം. ലാൻഡിങ് സമയത്ത് വിമാനത്തിന്റെ എഞ്ചിനുകൾ മിനിറ്റിൽ ഏകദേശം 120 കിലോഗ്രാം ഇന്ധനമാണ് ഉപയോഗിച്ചിരുന്നത്. മാഞ്ചസ്റ്ററിൽ ഒരവട്ടം കൂടി ലാൻഡിങ് പരാജയപ്പെട്ടിരുന്നെങ്കിൽ, ഏതാനും മിനിറ്റുകൾക്കകം ഇന്ധനം പൂർണ്ണമായും തീർന്ന് വിമാനത്തിന്റെ എഞ്ചിനുകൾ പൂർണ്ണമായി നിലച്ചുപോകുന്ന അവസ്ഥയുണ്ടാകുമായിരുന്നു. 171 യാത്രക്കാരും 6 വിമാന ജീവനക്കാരുമാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തെ തുടർന്ന്, ഭാവിയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വിമാനങ്ങൾ തിരിച്ചുവിടുമ്പോൾ ആശയവിനിമയ പിഴവുകൾ ഉണ്ടാകാതിരിക്കാൻ തങ്ങളുടെ നയങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്ന് മാഞ്ചസ്റ്റർ വിമാനത്താവള അധികൃതർ വ്യക്തമാക്കി.












