ഡൊനെഗൽ മേഖലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓട്ടോമേറ്റഡ് ടെലിഫോൺ തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രതാ നിർദേശവുമായി ഗാർഡ. വാഹനാപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പൊതുജനങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെയാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.
സംശയകരമായ ഫോൺ കോളുകൾ വഴി തട്ടിപ്പുകാർ ആളുകളിൽ മാനസിക സമ്മർദ്ദം ചെലുത്തുകയും നിയമനടപടികളെ ഭയപ്പെടുത്തി വിവരങ്ങൾ ചോർത്തിയെടുക്കുകയുമാണ് ചെയ്യുന്നത്. തങ്ങളുടെ വാഹനം ഒരു ഹിറ്റ് ആൻഡ് റൺ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തുടർ നടപടികൾക്കായി കീപാഡിലെ ഒന്ന് എന്ന നമ്പർ അമർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയിസ് സന്ദേശങ്ങളാണ് ആളുകൾക്ക് ലഭിക്കുന്നത്. ഈ നമ്പർ അമർത്തിയാൽ വ്യാജ പ്രതിനിധികളിലേക്ക് കോൾ കണക്ട് ആവുകയും അവിടെ നിന്ന് വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുകയുമാണ് ചെയ്യുന്നത്.
ഐറിഷ് കോഡുകളായ 00353 കൂടാതെ യുകെ കോഡായ 0044 ഉപയോഗിച്ചും ഇത്തരം കോളുകൾ എത്തുന്നുണ്ട്. തട്ടിപ്പുകാർ സ്പൂഫിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഔദ്യോഗിക നമ്പറുകളിൽ നിന്നാണ് കോളുകൾ വരുന്നതെന്ന് ആളുകൾക്ക് തെറ്റിദ്ധാരണയുണ്ടാകാം. അടിയന്തര സാഹചര്യമാണെന്ന ഭീതി പടർത്തി ആളുകളെക്കൊണ്ട് വേഗത്തിൽ പ്രതികരിപ്പിക്കുകയാണ് സംഘത്തിന്റെ രീതി.
എന്നാൽ, ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബന്ധപ്പെടാൻ അൻ ഗാർഡ സിഹാന ഒരിക്കലും ഇത്തരം ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ ഫോൺ കട്ട് ചെയ്യണമെന്നും ഒരു കാരണവശാലും കീപാഡിൽ അമർത്തുകയോ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും പൊലീസ് നിർദേശിച്ചു.
ഏതെങ്കിലും തരത്തിൽ വിവരങ്ങൾ കൈമാറിയതായി സംശയിക്കുന്നവർ ഉടൻ തന്നെ തൊട്ടടുത്തുള്ള ഗാർഡ സ്റ്റേഷനിൽ വിവരം അറിയിക്കണം. ബാങ്കിങ് വിവരങ്ങൾ നൽകിയവർ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ സുരക്ഷിതമാക്കണം. ഫോൺ വഴി ഇത്തരം തട്ടിപ്പുകൾ കൂടുന്ന സാഹചര്യത്തിൽ, സംശയകരമായ കോളുകൾ ലഭിച്ചാൽ ഔദ്യോഗിക നമ്പറുകളിൽ സ്വയം വിളിച്ച് വിവരം സ്ഥിരീകരിക്കാൻ തയ്യാറാകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവർത്തിച്ചു.













